തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിക്ക് പുതിയ കെട്ടിടം; നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍
തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന മൂന്ന് കോടി രൂപയുടെ കെട്ടിടത്തിന് ഉടന്‍ തറക്കല്ലിടുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച സ്‌കൂളിലെ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയാരവം 2021’ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളിസ്ഥലം ഉള്‍പ്പടെ വിദ്യാലയത്തിന്റെ വികസത്തിനാവശ്യമായ വിശദമായ രൂപരേഖ തയ്യാറാക്കി നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. പി. നന്ദകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി.
പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച 146 കുട്ടികള്‍, പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ് നേടിയ 64 കുട്ടികള്‍, എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ അഞ്ച് കുട്ടികള്‍ എന്നിവര്‍ക്ക് ജനപ്രതിനിധികള്‍ ഉപഹാരം നല്‍കി. തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ അനുമോദന ഭാഷണം നടത്തി. നൂറ് ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള ഉപഹാര സമര്‍പ്പണം പി.ടി.എ പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വഹിച്ചു. പരിപാടിയില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ മന്ത്രി വി. അബ്ദുറഹിമാന്‍, പൊന്നാനി എം.എല്‍.എ പി. നന്ദകുമാര്‍ എന്നിവരോടൊപ്പം തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ എന്നിവരെ ആദരിച്ചു.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സലാം മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സരോജാദേവി, പ്രിന്‍സിപ്പാള്‍ ഒ.എ രാധാകൃഷ്ണന്‍, പ്രാധാനാധ്യാപകന്‍ അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍വീനര്‍ വി. അബ്ദുസിയാദ്, പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൗഫല്‍ മേച്ചേരി, എം.സി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.