ലൈഫ് പിഎംഎവൈ ഭവന പദ്ധതി: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 19 കോടി രൂപ കൈമാറി

നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കും പി.എം.എ.വൈ ഭവന പദ്ധതിയിലേക്കുമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് 19 കോടി രൂപ കൈമാറി. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും വീട് നിര്‍മാണത്തിന് പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തുക വിതരണം. തദ്ദേശഭരണ സ്ഥാപങ്ങള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ വിഹിതത്തിന്റെ വിതരണോദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം ഭവന നിര്‍മാണത്തിന് അപേക്ഷ സമര്‍പ്പിച്ച ജനറല്‍, എസ്.സി.പി, ടി.എസ്.പി, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നീ വിഭാഗങ്ങളിലുള്ള ഗുണഭോക്താക്കള്‍ എന്നിവര്‍ക്കാണ് ജില്ലാ പഞ്ചായത്ത് വിഹിതത്തിന്റെ ഗുണഫലം ലഭിക്കുക. ഭവന നിര്‍മാണ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി 56.17 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയത്..

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ അധ്യക്ഷയായി. ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉപാധ്യക്ഷന്‍ ഇസ്മയില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എ. കരീം, നസീബ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ കാരാട്ട്, ജില്ലാ സെക്രട്ടറി ടി. അബ്ദുള്‍ കരീം, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. രാജേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.