നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നു; ചോദ്യംചെയ്യലിനിടെ നിര്‍ത്താതെ കരഞ്ഞ് ആര്യന്‍ ഖാന്‍

മുംബൈ: കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ചോദ്യംചെയ്യലിലുടനീളം ആര്യന്‍ തുടര്‍ച്ചയായി കരഞ്ഞിരുന്നുവെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെയാണ് കഴിഞ്ഞ നാലുവര്‍ഷമായി വിവിധ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചത്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. ആര്യനും അര്‍ബാസും തമ്മില്‍ 15 വര്‍ഷം നീണ്ട സുഹൃത്ത്ബന്ധമാണുള്ളത്.

കഴിഞ്ഞദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ എന്‍.സി.ബി. ആവശ്യപ്പെട്ടേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തേക്കും. പ്രതികള്‍ക്ക് വേണ്ടിയുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കും.

അതിനിടെ, ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്‌സില്‍ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിറ്ററി പാഡുകള്‍ക്കിടയില്‍നിന്നും മരുന്ന് പെട്ടികളില്‍നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ചരസ്, എം.ഡി.എം.എ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നുകളെ സംബന്ധിച്ച് ആര്യനും സുഹൃത്തുക്കളും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി കപ്പലില്‍ നടന്ന ആഘോഷത്തിനിടയിലാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു ആര്യനെ അറസ്റ്റ് ചെയ്തത്.

കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന രഹസ്യവിവരം ഏകദേശം 15 ദിവസം മുമ്പുതന്നെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുര്‍ന്ന് എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലില്‍ കയറി. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയശേഷമാണ് ഇവര്‍ റെയ്ഡ് നടത്തി എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കപ്പല്‍ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഇവരെ ഇറക്കിയശേഷം ഗോവയ്ക്ക് യാത്രതുടര്‍ന്നു. കപ്പലില്‍ 100 യാത്രക്കാര്‍ ഉണ്ടായിരുന്നു. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്. ആര്യന്‍ഖാന്‍ പ്രത്യേക ക്ഷണിതാവായിരുന്നു എന്നാണ് പറയപ്പെടുന്നത്.