തുടർച്ചയായി സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ പി.വി. അൻവർ
തിരുവനന്തപുരം: തുടർച്ചയായി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാത്ത നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ അസാന്നിദ്ധ്യം ചർച്ചയാകുന്നു. ഇപ്പോൾ നടക്കുന്ന സമ്മേളനത്തിലും ഇതുവരെ അദ്ദേഹം പങ്കെടുത്തിട്ടില്ല. പുതിയ നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളിലായി ആകെ 29 ദിവസം ചേർന്നപ്പോൾ അൻവർ പങ്കെടുത്തത് അഞ്ച് ദിവസം മാത്രമാണ്. നിയമസഭാ സമിതി യോഗങ്ങളിലും സബ്ജക്ട് കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്നും അവധി അപേക്ഷ നൽകിയിട്ടില്ലെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
തുടർച്ചയായി അറുപത് ദിവസം സമ്മേളനത്തിൽ അനധികൃതമായി ഹാജരാകാതിരുന്നാൽ ആ അംഗത്തിന്റെ സീറ്റ് ഒഴിവ് വന്നതായി കണക്കാക്കാമെന്ന് ഭരണഘടനയുടെ 190(4) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, സഭയുടെ അനുമതിയോടെ അംഗത്തിന് അവധിയെടുക്കാം. തന്റെ അസാന്നിദ്ധ്യം രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഖനന ബിസിനസുമായി ബന്ധപ്പെട്ട് പോയിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഈ മാസം നാലിന് ആരംഭിച്ച സഭയുടെ മൂന്നാം സമ്മേളനം ഇപ്പോഴത്തെ ഷെഡ്യൂളനുസരിച്ച് നവംബർ 11 വരെ 23 ദിവസം ചേരുന്നുണ്ട്. വൈകാതെ അൻവർ തിരിച്ചെത്തി സഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള വിവരം. ഇടതു സ്വതന്ത്രനായ അൻവർ ഇത് തുടർച്ചയായി രണ്ടാം തവണയാണ് നിലമ്പൂരിൽ നിന്ന് വിജയിച്ചെത്തുന്നത്.