മന്ത്രവാദത്തിന്റെ പേരിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത പ്രതി പിടിയിൽ
മലപ്പുറം : പൂജയുടേയും മന്ത്രവാദത്തിന്റെയും പേരിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത കേസുകളിലെ പ്രതി പിടിയിൽ. കൊല്ലം പുനലൂർ കുന്നിക്കോട് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒൻപത് മാസമായി ഇയാൾ ഒളിവിലായിരുന്നു. സണ്ണി, രമേശൻ നമ്പൂതിരി, രമേശൻ സ്വാമി തുടങ്ങിയ പേരുകളിലാണ് ഇയാൾ ആളുകളെ കബളിപ്പിച്ചിരുന്നത്. ചൊവ്വാദോഷം മാറ്റിത്തരും, നിധി കണ്ടെത്തി തരും എന്നിങ്ങനെയുള്ള വാഗ്ദ്ധാനങ്ങൾ നൽകിയാണ് ഇയാൾ യുവതികളെ ആകർഷിച്ചിരുന്നത്. വണ്ടൂർ സ്വദേശിനിയിൽ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.
നിധി സ്‌പെഷലിസ്റ്റ്
പറമ്പിൽ നിന്നും നിധി കണ്ടെത്തി കൊടുക്കും എന്ന വാഗ്ദ്ധാനത്തിലാണ് ഇയാൾ കൂടുതൽ പേരെയും വീഴ്ത്തിയിരുന്നത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ കൈയിൽ നിന്നും അഞ്ച് പവൻ സ്വർണമാണ് ഇതിനായി തട്ടിയെടുത്തത്. പിന്നീട് ഒരു ലക്ഷം വാങ്ങുകയും നിധിയ്ക്കായി ഇവരുടെ വീടിന് ചുറ്റം നിരവധി വലിയ കുഴികളെടുത്ത് പറമ്പ് ഉപയോഗ ശൂന്യമാക്കുകയും ചെയ്തു. ഇതുപോലെ വയനാട് മീനങ്ങാട് സ്വദേശിനിയിൽ നിന്ന് എട്ട് പവനാണ് രമേശൻ തട്ടിയെടുത്തത്.
കോഴിക്കോട് സ്വദേശിനിയെയാണ് രമേശൻ വിവാഹം കഴിച്ചിട്ടുള്ളത്. പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് രണ്ട് കുട്ടികളായപ്പോൾ ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. പിന്നീട് ഭർത്തൃമതിയായ മറ്റൊരു യുവതിയെ പ്രണയിച്ച് സ്വന്തമാക്കുകയായിരുന്നു. ഇവരുമൊത്ത് കൊല്ലത്ത് കഴിയവേയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ പൊലീസ് ഹാജരാക്കി.