ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ബ്രസീലിനു വിജയം

ബ്രസീൽ: ലോകകപ്പ്​ യോഗ്യത റൗണ്ടിൽ കരുത്തരായ യുറുഗ്വായ്​യെ 4-1ന്​ തകർത്ത്​ ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തി. ഒരുഗോളും രണ്ട്​ അസിസ്റ്റുമായി സൂപ്പർ താരം നെയ്​മർ മത്സരം ത​േന്‍റതാക്കി മാറ്റി. മത്സരത്തിൽ നെയ്​മർ 70 അന്താരാഷ്​ട്ര ഗോളുകൾ തികച്ചു.

ബ്രസീലിനായി റാഫീഞ്ഞ (18, 58) ഇരട്ടഗോൾ നേടി. ഗബ്രിയേൽ ബാർബോസയാണ്​ ബ്രസീലിന്‍റെ മൂന്നാമത്തെ ഗോൾ സ്​കോറർ. സൂപ്പർ താരം ലൂയി സുവാരസിന്‍റെ വകയായിരുന്നു യുറുഗ്വായ്​യുടെ ആശ്വാസ ഗോൾ.

തുടർ വിജയങ്ങൾക്ക്​ ശേഷം സമനില കുടുങ്ങിയതിന്​ പിന്നാലെയായിരുന്നു ബ്രസീൽ യുറുഗ്വായ്​ക്കെതിരെ കൊമ്പ്​കോർക്കാനെത്തിയത്​.

മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ പുലർത്തിപ്പോന്ന പോസിറ്റീവ്​ കളിയുടെ പ്രതിഫലനമായിരുന്നു 10ാം മിനിറ്റിലെ നെയ്​മറിന്‍റെ ഗോൾ. എതിർ ടീം ഡിഫൻഡർമാർക്കിടയിലൂടെ ഫ്രെഡാണ്​ നെയ്​മറിന്​ പന്ത്​ വെച്ച്​ നൽകിയത്​. രണ്ട്​ ഡിഫൻഡർമാർക്കിടയിലൂടെ പന്ത്​ വലയിലാക്കി നെയ്​മർ തന്‍റെ 70ാം ഗോൾനേട്ടം ആ​ഘോഷിച്ചു.

വെറും എട്ടുമിനിറ്റിന്​ ശേഷം റാഫീഞ്ഞ ലീഡ്​ ഇരട്ടിയാക്കി. റീബൗണ്ടായി വന്ന നെയ്​മറിന്‍റെ ഷോട്ടാണ്​​ റാഫീഞ്ഞ ലക്ഷ്യത്തിലെത്തിച്ചത്​. ആദ്യപകുതിയിൽ ബ്രസീൽ 2-0ത്തിന്‍റെ ലീഡ്​ നേടി.

56ാം മിനിറ്റിൽ യുറുഗ്വായ്​ താരം എഡിൻസൺ കവാനി സ്​കോർ ചെയ്​തെങ്കിലും ഓഫ്​സൈഡായി. മികച്ചൊരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ബ്രസീലിന്‍റെ മൂന്നാം ഗോളിന്‍റെ പിറവി. ഗബ്രിയേൽ ജീസസ്​ നൽകിയ പന്ത്​ നെയ്​മർ റാഫീഞ്ഞക്ക്​ നൽകി. ബോക്​സിലേക്ക്​ ഓടിക്കയറിയ റാഫീഞ്ഞ പന്ത്​ യുറുഗ്വായ് പോസ്റ്റിന്‍റെ ഇടത്ത്​ പാർശ്വത്തിലേക്ക്​ അടിച്ച്​ ഗോളാക്കി. ​

77ാം മിനിറ്റിലായിരുന്നു സുവാരസിന്‍റെ ഫ്രീകിക്ക്​ ഗോൾ. 25 വാരയകലെ നിന്ന്​ സുവാരസ്​ തൊടുത്തുവിട്ട ഫ്രീകിക്ക്​ തടുക്കാൻ എഡേഴ്​സനായില്ല. 83ാം മിനിറ്റിൽ ഹെഡറിലൂടെയായിരുന്നു ബാർബോസയുടെ ഗോൾ. നെയ്​മർ ഉയർത്തി നൽകിയ പന്ത്​ ബാർബോസ വലയിലാക്കിയെങ്കിലും ഓഫ്​സൈഡ്​ ആണോയെന്ന്​ സംശയം ഉണർന്നു. എന്നാൽ വാർ പരിശോധനയിൽ ഗോൾ അനുവദിച്ചു.

ജയത്തോടെ ലാറ്റിനമേരിക്കയിൽ ആറ്​ പോയിന്‍റ്​ ലീഡുമായി ബ്രസീൽ പട്ടികയിൽ ഒന്നാം സ്​ഥാനം നിലനിർത്തി. 11 മത്സരങ്ങളിൽ നിന്ന്​ ബ്രസീലിന്​ 31പോയിന്‍റായി. 25 പോയിന്‍റുമായി അർജന്‍റ്​നയാണ്​ രണ്ടാമത്​. 12 മത്സരങ്ങളിൽ നിന്ന്​ 17 പോയിന്‍റുമായി ഇക്വഡോറാണ്​ മൂന്നാമത്​.

വെള്ളിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ അർജന്‍റീന പെറുവിനെ 1-0ത്തിന്​ തോൽപിച്ചിരുന്നു. ലോതാരോ മർട്ടിനസാണ്​ ടീമിന്‍റെ ഏക ഗോൾ നേടിയത്​. ലാറ്റിനമേരിക്കയിലെ മറ്റ്​ മത്സരങ്ങളിൽ ബൊളീവിയ 4-0ത്തിന്​ പാരഗ്വായ്​യെ തകർത്തു. ​ചിലെ വെനിസ്വേലയെ 3-0ത്തിന്​ തോൽപിച്ചപ്പോൾ കൊളംബിയയെ ഇക്വഡോർ ഗോൾരഹിത സമനിലയിൽ തളച്ചു.