വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.
യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ സസ്പെൻഡ് ചെയ്തത്.
പൂഞ്ഞാർ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിച്ചു.
കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പിള്ളിയിൽ മലവെള്ളപ്പാച്ചിൽ മൂലം ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി.
പത്തനംതിട്ടയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴ തുടരുകയാണ്. കക്കി, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്. എന്നാൽ പമ്പയിലും മണിമലയാറ്റിലും കാര്യമായി ജലനിരപ്പുയർന്നിട്ടില്ല എന്നതാണ് ആശ്വാസകരം. ഉച്ചയോടെ മഴയ്ക്ക് അൽപം ശക്തിക്ഷയം സംഭവിച്ചതും ആശ്വാസമായി.