ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായ യുവാവിനും കുടുംബത്തിനും സ്നേഹഭവനമൊരുക്കുന്നു
പരപ്പനങ്ങാടി: നിര്‍മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ കുടുംബനാഥനും കുടുംബത്തിനും തുണയായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനം. പരപ്പനങ്ങാടി തിരിച്ചിലങ്ങാടിയിലെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഷന്‍ 2021 -26 പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സ്നേഹഭവനത്തിന് കെ.പി.എ മജീദ് എം.എല്‍.എ തറക്കല്ലിട്ടു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ സ്നേഹഭവനമാണ് പരപ്പനങ്ങാടിയില്‍ പണിയുന്നത്. പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂള്‍, നെടുവ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പിതാവാണ് ജോലിക്കിടെ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായത്. സ്വന്തമായി വീടുണ്ടാക്കാനോ ചികിത്സയ്ക്ക് പണം കണ്ടെത്താനോ കഴിയാത്ത അവസ്ഥയില്‍ കുടുംബത്തിന്റെ ദൈന്യത തിരിച്ചറിഞ്ഞാണ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനം ജനകീയ പങ്കാളിത്തത്തോടെ ഈ കുടുംബത്തിന് വീടൊരുക്കുന്നത്. ഈ അധ്യയന വര്‍ഷം അവസാനിക്കും മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കുകയും അടുത്ത അധ്യയന വര്‍ഷം സ്വന്തം വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ അവസരമുണ്ടാക്കും വിധമാകും പദ്ധതി നിര്‍വഹണമെന്ന് പരപ്പനങ്ങാടി എ.ഇ.ഒ പി.പി മുഹമ്മദ്, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.വി അരവിന്ദ് എന്നിവര്‍ പറഞ്ഞു.
സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഷന്‍ 2021 -26 പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 200 സ്നേഹഭവനങ്ങളാണ് ഒരുക്കുക. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ല അസോസിയേഷനാണ് സ്നേഹഭവന നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. സ്‌കൗട്ട്സ് ഗൈഡ്സ് അംഗങ്ങളും മുന്‍ കാല അംഗങ്ങളും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളായ വിദ്യാര്‍ഥികളും പൊതുജനങ്ങളും അധ്യാപകരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്ന് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, രണ്ട് നഗരസഭ ചെയര്‍മാന്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹികമേഖലകളിലുള്ളവര്‍,പ്രധാനധ്യാപകരുടെ പ്രതിനിധികള്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. കേരളത്തിലെ ഭവനരഹിതരായ കുട്ടികള്‍ക്ക് വീട് ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.