കാലവര്‍ഷക്കെടുതി ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി വി.അബ്ദുറഹിമാന്‍



സംസ്ഥാനത്ത് വ്യാപകമായി മഴയും ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍  അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍  അതിനാവശ്യമായ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ അതിവേഗം സ്വീകരിച്ചു കഴിഞ്ഞതായും ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും  നേരിടാന്‍ സുസജ്ജമായിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമിനെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.  ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.  

ജില്ലയില്‍  ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ക്വാറി, മണല്‍ഖനനം തുടങ്ങിയവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മലപ്പുറം കോട്ടക്കുന്നിന് സമീപം താമസിക്കുന്ന കുടുംബങ്ങളെയും പെരിന്തല്‍മണ്ണ താലൂക്കിലെ ആലിപ്പറമ്പ് വില്ലേജിലെയും കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമായ  ക്യാമ്പുകള്‍ ജില്ലയില്‍ തുറന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. ക്യാമ്പുകളില്‍ ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സഹായവും മരുന്നും ഉറപ്പാക്കും. വനമേഖലകളില്‍ ഒറ്റപ്പെട്ടുപോകുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരികയാണെങ്കില്‍ അതിനായുള്ള ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യെത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ തുടരുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് പേരെയാണ് കാണാതായത്. അവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ഫിഷറീസിന്റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്.  മഴക്കെടുതികള്‍ നേരിടാന്‍ പൊതു സമൂഹത്തിന്റെ ഇടപെടലും ആവശ്യമാണ്. അതത് സമയങ്ങളില്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.സോഷ്യല്‍ മീഡിയ വഴി അനാവശ്യ ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇത്തരം ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.