ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; എസ്എഫ്‌ഐ ജില്ലാ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്

കോട്ടയം: ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നതടക്കം എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് എഐഎസ്എഫ് സംസ്ഥാന വനിതാ നേതാവ് പരാതി നൽകി. ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് യുവതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകി.

എസ്എഫ്‌ഐയുടെ എറണാകുളം ജില്ലാ നേതാക്കളായ അമൽ സി എ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പരാതി നൽകിയത്.

മഹാത്മാഗാന്ധി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പിൽ എസ്എഫ് ഐ പാനലിനെതിരെ എഐഎസ്എഫ് പാനൽ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് വനിതാ നേതാവ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് എത്തിയ എഐഎസ്എഫ് നേതാക്കളെ ക്യാമ്പസിനുള്ളിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

”ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തിൽ പാടുകളുണ്ട്. നടുവിൽ ചവിട്ടേറ്റു”. ആക്രമിച്ചവരിൽ ഒരാൾ തന്റെ സഹപാഠിയായിരുന്നുവെന്നും യുവതി പറഞ്ഞു. ശരീരത്തിൽ കടന്നു പിടിച്ചു.ക്രൂരമായി മർദ്ദിക്കുകയും കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ചെയ്തെന്ന് വനിതാനേതാവ് ആരോപിച്ചു

ആക്രമിച്ചവരുടെ കൂട്ടത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ പേഴ്‌സണൽ സ്റ്റാഫും ഉൾപ്പെട്ടിട്ടുണ്ടെന്നും എഐഎസ്എഫ് നേതാക്കൾ ആരോപിച്ചു. ആർ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് ആരോപണം.