കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിൻ നേട്ടം, പ്രധാനമന്ത്രി
ന്യൂഡൽഹി: 100 കോടി വാക്സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി . രാജ്യം എത്തിയത് അസാധാരണ ലക്ഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്. ഇതിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്ന് ചോദിച്ചവർക്കുള്ലള മറുപടിയാണിത്. ഇന്ത്യ കൊവിഡിൽ സുരക്ഷിതമെന്ന് ലോകം വിലയിരുത്തുന്നു. ലോകം രാജ്യത്തെ അഭിനന്ദിക്കുകയാണ്. കൊവിഡിനെ ഇന്ത്യ തോൽപ്പിക്കുക തന്നെ ചെയ്യും – പ്രധാനമന്ത്രി പറഞ്ഞു.
‘വാക്സിനേഷൻ വിവേചനം ഇല്ലെന്ന് ഉറപ്പുവരുത്തി.വി ഐ പി സംസ്കാരം മാറ്റി നിറുത്തി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്‌സിന്‍ ലഭ്യമാക്കാനായി.വിളക്കുകത്തിക്കാൻ പറഞ്ഞപ്പോൾ അതുകൊണ്ട് കൊവിഡ് പോകുമോ എന്ന് ചിലർ പുച്ഛിച്ചു. എന്നാൽ അത് രാജ്യത്തിന്റെ ഒരുമയാണ് കാണിച്ചത്. എല്ലാ ചാേദ്യങ്ങൾക്കുമുള്ള മറുപടിയാണ് ഇപ്പോഴത്തെ നേട്ടം. ദിവസം ഒരുകാേടി വാക്സിൻ വിതരണത്തിനുള്ള ശേഷിയിൽ രാജ്യം എത്തി. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്നത് ശീലമാക്കുന്നതുപോലെ മാസ്ക് ധരിക്കുന്നതും ശീലമാക്കണം. രാജ്യത്തിന്റെ സാമ്പത്തിക രംഗവും മെച്ചപ്പെടുന്നുണ്ട്. രാജ്യത്തേക്ക് വലിയ നിക്ഷേപങ്ങൾ വരുന്നു. റിയൽ എസ്റ്റേറ്റ്,കാർഷിക മേഖലകൾ കൂടുതൽ പുരോഗതി കൈവരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം സുരക്ഷിതമെന്ന് ലോക ഏജൻസികൾ വിലയിരുത്തുന്നു’ -മോദി പറഞ്ഞു.