മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ
കൊയിലാണ്ടി: മന്ത്രവാദത്തിന്റെ മറവിൽ തട്ടിപ്പുകൾ നിരവധി കേരളത്തിൽ നടക്കാറുണ്ട്. അത്തരം തട്ടിപ്പുകൾ പതിവാകുമ്പോഴും കൊണ്ടാലും പഠിക്കാത്തവരായി മാറിയിട്ടുണ്ട് മലയാളികൾ. നിരവധി തട്ടിപ്പുകൾ യഥേഷ്ടം കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയാണ്. മന്ത്രിവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ചു കോടതി.
പ്രതി കാപ്പാട് പാലോട്ടുകുനി റഹ്മത്തിനെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടു വർഷം തടവിനും 10,000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. 2015ലാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് ചെറുപുരയിൽ ലത്തീഫിന്റെ ഭാര്യ ഷാഹിദയിൽ നിന്നാണ് സ്വർണവും പണവും തട്ടിയെടുത്തത്. വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് ഷാഹിദ റഹ്മത്തിനെ സമീപിക്കുകയായിരുന്നു.
അന്നത്തെ സിഐ ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ ചാലിൽ അശോകൻ, പി.പി മോഹനകൃഷ്ണൻ, പി. പ്രദീപൻ, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി. സിനി എന്നിവരാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ 260 പവൻ വിവിധ ബാങ്കുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഇത്തരത്തിൽ നിരവധി പേരെ വഞ്ചിച്ചതായി പരാതിയുണ്ടായിരുന്നു.