ജില്ലയിൽ പത്തിടങ്ങളിൽ എ.ഐ ക്യാമറകൾ; എവിടെയാണെന്നറിയാം
മലപ്പുറം: റോഡിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ അതിവേഗത്തിൽ പിടികൂടാൻ ജില്ലയിൽ പത്തിടങ്ങളിൽ കൂടി എ.ഐ ക്യാമറകൾ സ്ഥാപിക്കും. കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. 235 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് സേഫ് കേരള പദ്ധതിയുടെ ഭാഗമായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജില്ലയിൽ പത്തിടങ്ങളിൽ കെൽട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.
ക്യാമറകൾ സ്ഥാപിക്കാനുള്ള ജില്ലയിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പൂക്കിപറമ്പിൽ രണ്ട്, തലപ്പാറ – 2, ചങ്കുവെട്ടി – 2, അതിരുമട- 2, കുറ്റിപ്പുറം -1 എന്നിങ്ങനെ ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിലവിൽ തലപ്പാറയിലും ചങ്കുവെട്ടിയിലും മാത്രമാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. ജില്ലയിലെ പ്രധാന റോഡുകളിൽ അപകട മരണങ്ങളും വാഹന അഭ്യാസ പ്രകടനങ്ങളുമെല്ലാം വർദ്ധിച്ചു വരുന്ന സാഹചര്യമുണ്ട്. കൂടുതൽ ക്യാമറകൾ വരുന്നതോടെ അമിതവേഗക്കാർക്ക് പൂട്ടിടാനാവും. 2020ൽ 131ഉം 2021ൽ 161 ഉം അപകട മരണങ്ങളാണ് ജില്ലയിലുണ്ടായത്.
ക്യാമറകളുടെ പ്രവർത്തനമിങ്ങനെ
കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളോകാൻ എ.ഐ ക്യാമറകൾക്ക് സാധിക്കും. കൺട്രോൾ റൂമിലിരുന്നും നിയമലംഘനങ്ങൾ നിരീക്ഷിക്കാനാവും. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഓടിക്കുന്ന ആളെയും വാഹനത്തിന്റെ നമ്പർ ബോർഡും കൃത്യമായി ക്യാമറയിൽ പതിയും. ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽവച്ച് ക്യാമറയെ പറ്റിക്കാമെന്ന ധാരണയും വേണ്ട. നിർമ്മിത ബുദ്ധിയിൽ അതെല്ലാം മനസിലാക്കാൻ എ.ഐ ക്യാമറകൾക്ക് കഴിയും. സീറ്റ് ബെൽറ്റില്ലാത്തവരെയും അമിത വേഗതയിൽ വാഹനം ഓടിക്കുന്നവരെയും പിടിക്കാനും എ.ഐ ക്യാമറകൾ സദാസമയവും കണ്ണുനട്ടിരിക്കും. കൃത്യമായ ദൃശ്യങ്ങളും വിവരങ്ങളും കൺട്രോൾ റൂമുകളിൽ എത്തുന്നതോടെ വാഹനത്തിന്റെ നമ്പർ നോക്കി ഇൻഷുറൻസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാത്തതുമെല്ലാം തിരിച്ചറിയാനാകും. ഒടുക്കേണ്ട തുകയടക്കമുള്ള നോട്ടീസ് വീട്ടിലെത്തും.
നിയമംലഘനങ്ങൾക്ക് കുറവില്ല
ഓരോ വർഷത്തിലും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം നിയമ ലംഘനങ്ങൾ നടത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. കഴിഞ്ഞ സെപ്തംബറിൽ മാത്രം ജില്ലയിൽ 25.68 ലക്ഷം രൂപയാണ് പിഴയിട്ടുള്ളത്. ഇതിൽ 9,76,110 രൂപ മാത്രമാണ് ഒടുക്കിയിട്ടുള്ളത്. 1,59,200 രൂപ ഇനിയും ഒടുക്കേണ്ടതുണ്ട്. ഹെൽമെറ്റില്ലാത്തതിന് 544 കേസുകളും, ഇൻഷുറൻസ് ഇല്ലാത്തതിന് 194 കേസുമാണ് കഴിഞ്ഞമാസം രജിസ്റ്റർ ചെയ്ത്.