മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുത്: യു.ഡി.എഫ്

തിരൂർ: മലയാളികളുടെ അഭിമാനമായ മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുതെന്നും, സർവകലാശാല പരിപാടികളിലും, വൈസ് ചാൻസിലറിൽ നിന്ന് വ്യക്തിപരമായും സ്ഥലം എം.പിക്കും, എം.എൽ.എക്കും ഉണ്ടാകുന്ന അവഗണന തുടരാൻ അനുവദിക്കില്ലെന്നും മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വൈസ് ചാൻസിലറുടെ രാഷ്ട്രീയ പക്ഷപാതിത്വ നിലപാട് ഒരു മഹത്തായ സ്ഥാപനത്തെ മലിനപ്പെടുത്തുകയാണ്.കഴിഞ്ഞ ദിവസം നടന്ന തുഞ്ചത്തെഴുത്തച്ഛൻ്റെ ഫോട്ടോ അനാചാദന പരിപാടിയിൽ മന്ത്രിയുടെ അഭാവത്തിൽ സ്ഥലം എം.എൽ.എയെ ക്ഷണിക്കുന്നതിന് പകരം വി.സി സ്വയം അനാച്ഛാദനം നടത്തുകയും എം എൽ എ യെ അവഗണിക്കുകയുമായിരുന്നു. ജനപ്രതിനിധിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് നാളെ ( ചൊവ്വ ) രാവിലെ 10 മണിക്ക് സർവകലാശാലക്ക് മുൻപിൽ യു.ഡി.എഫ് പ്രതിഷേധ കൂട്ടം നടത്തും. യു.ഡി.എഫ് ജില്ലാ നേതാക്കൾ പങ്കെടുക്കും.

വൈസ് ചാൻസലർ സി.പി.എമ്മിൻ്റെ വിനീതവിധേയനായി മാത്രം പ്രവർത്തിക്കുന്ന ഒരു റബർ സ്റ്റാമ്പായി മാറിയിരിക്കുകയാണ്.കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മേധാവിക്ക് ചേർന്നതല്ല ഇത്തരം നിലപാടെന്നും, സർവകലാശാലയുടെ അന്തസും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ വി.സി തയ്യാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. സ്ഥലം എം.പിയെയും, എം.എൽ.എ യെയും അവഗണിച്ച് മുന്നോട്ട് പോകാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും യു.ഡി.എഫ് നേരിടും. വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പി.രാമൻകുട്ടി, മണ്ഡലം യു.ഡി.എഫ് കൺവീനർ വെട്ടം ആലിക്കോയ, പി.സൈതലവി മാസ്റ്റർ, പി.സി.ഇസ്ഹാഖ്, എം.പി.മുഹമ്മദ് കോയ, പി.അലി ഹാാജി, ഉസ്മാൻ പറവണ്ണ, കണ്ടാത്ത് കഞ്ഞിപ്പ പങ്കെടുത്തു