പാചക വാതക വിലവര്‍ദ്ധനവ്: ഹോട്ടലുകള്‍ സമരത്തിലേക്ക്


മലപ്പുറം : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധനവ് ഹോട്ടല്‍ മേഖലക്ക് കടുത്ത തിരിച്ചടിയാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. നവംബര്‍ 1 മുതല്‍ സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് എണ്ണകമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. കോവിഡും ലോക്ഡൗണും തകര്‍ത്ത സംസ്ഥനത്തെ ഇടത്തരം ചെറുകിട ഹോട്ടല്‍ മേഖല നിലവില്‍ വലിയ നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഗ്യാസിന്റെ വില കൂടി വര്‍ദ്ധിച്ചതിനാല്‍  ഹോട്ടലുകളിലെ വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഗ്യാസിന് പുറമേ അവശ്യ സാധനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിച്ചു. അടിയന്തിരയമായി കേന്ദ്ര സര്‍ക്കാര്‍ പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പെട്രോളിയം ഉത്പ്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുവാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചതായി പ്രസിഡന്റും സെക്രട്ടറിയും പ്രസ്താവനയില്‍ അറിയിച്ചു.