ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച വരെ കടലിൽ പോകരുത്.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളിൽ ചിലയിടത്ത് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. തൊട്ടിൽപ്പാലം-വയനാട് റൂട്ടിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കുറ്റ്യാടി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

താമരശ്ശേരി അടിവാരത്ത് ഉരുൾപൊട്ടലുണ്ടായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. കാവിലുംപാറയിൽ പന്ത്രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പനങ്ങാട് വയലിലും ഉരുൾപൊട്ടി. പ്രദേശത്തെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.