ഫോൺരേഖകൾ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ചോർത്തിയെന്ന് വീട്ടമ്മയുടെ പരാതി
മലപ്പുറം: തന്റെ ഫോൺരേഖകൾ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ചോർത്തിയെന്ന് വീട്ടമ്മയുടെ പരാതി. ഫോൺ രേഖകൾ ചോർത്തി തന്റെ ഭർത്താവിന് കൈമാറിയെന്നാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പരാതി.
മലപ്പുറം എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള വകുപ്പ് തല അന്വേഷണത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്തു. യുവതിയുടെ പരാതിയിൽ പറയുന്നത് പ്രകാരം ഭർത്താവ് ആവശ്യപ്പെട്ടിട്ടാണ് എസ്പി ഫോൺ വിവരങ്ങൾ ചോർത്തിയത്. ഭർത്താവിന്റെ അടുത്ത സുഹൃത്താണ് എസ്പി.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ രേഖകൾ ചോർത്തണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. ഇത് പ്രകാരം എസ്പി സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ രേഖകൾ ചോർത്തി. . ചോർത്തിയ വിവരങ്ങൾ ഭർത്താവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
എസ്പിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് നൽകിയിയിട്ടുണ്ട്. കോഴിക്കോട് ചേവായൂർ കൂട്ടബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ മറവിലാണ് എസ്പി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ ഫോൺ വിവരങ്ങൾ ചോർത്തിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.