വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക്: കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
മലപ്പുറം: താൻ വഖ്ഫ് ബോർഡ് ചെയർമാനായിരിക്കെ എടുത്ത തീരുമാനപ്രകാരമാണ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതെന്ന കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. മന്ത്രിയായിരുന്ന ജലീലിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേംബറിൽ ചേർന്ന സോഷ്യൽ വെൽഫെയർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും അദ്ദേഹം തന്റെ വസതിൽ വെച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അന്ന് തന്നെ അദ്ദേഹത്തെ എതിർപ്പറിയിച്ചിരുന്നു. പിന്നീട് വഖ്ഫ് ബോർഡ് യോഗം ചേർന്ന് ഇതിനെതിരെ പ്രമേയം പാസാക്കി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണവരെ നടത്തിയിരുന്നു. ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ജലീൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുന്നതെന്നും റഷീദലി തങ്ങൾ പറഞ്ഞു. മുസ്ലീം സംഘടനകൾ ഒനിച്ച് ചേർന്ന് ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.