ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക്; നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർ; ജനങ്ങളെ പിഴിഞ്ഞ് കേരളവും
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും ആനുപാതികമായി എണ്ണവിലയിലെ കുറവ് അനുഭവിക്കാൻ യോഗമില്ലാത്തവരാണ് ഇന്ത്യക്കാർ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവ് അനുഭവപ്പെട്ടിട്ടും ഇന്ത്യയിൽ മാത്രം ഇപ്പോഴും നൂറു കടന്നു തന്നെയാണ് എണ്ണവില നിൽകുന്നത്. യുറോപ്പിൽ വീണ്ടും കോവിഡ് സംബന്ധിച്ച ആശങ്ക ഉയർന്നതോടെയാണ് എണ്ണവില കുറഞ്ഞത്.
ബ്രെന്റ് ക്രൂഡിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലെത്തി. 84.78 ഡോളറിൽ നിന്നാണ് വില10 ദിവസത്തിനുള്ളിൽ ഇത്രയും ഇടിഞ്ഞത്. അതേസമയം സ്‌പെഷ്യൽ നികുതി കുറച്ചതിന് ശേഷം കേന്ദ്രസർക്കാർ യാതൊരു നടപടിയും എണ്ണവില കുറയ്ക്കാൻ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല.
ഒക്‌ടോബർ ഒന്നിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 80 ഡോളറിന് താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നവംബർ നാലിന് ശേഷം ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല. അന്ന് കേന്ദ്രസർക്കാർ പെട്രോളിൻേറയും ഡീസലിൻേറയും നികുതി യഥാക്രമം അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ 18 ദിവസമായി പെട്രോൾ വില 103.97 രൂപയിലും ഡീസൽ 86.67 രൂപയിലും തുടരുകയാണ്.
അതേസമയം, നേരത്തെ ഉൽപാദനം വെട്ടികുറച്ചതാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിനിടയാക്കിയിരുന്നു. എന്നാൽ, യുറോപ്പിലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇന്ധന ആവശ്യകതയിൽ കുറവുണ്ടായാൽ വരും ദിവസങ്ങളിലും വില കുറയാൻ തന്നെയാണ് സാധ്യത.
കേരളത്തിൽ അടക്കം നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടും ഇതുവരെ ഒരു പരിഹാരവും കാണാൻ സാധിച്ചിട്ടില്ല. കേരളത്തിൽ നികുതി കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന കടുംപിടുത്തത്തിലാണ് സംസ്ഥാന സർക്കാർ. അതുകൊണ്ട് തന്നെ ഇന്ധന വിലയുടെ കുറവ് അനുഭവിക്കാൻ കേരളീയർക്കും യോഗമില്ലാത്ത അവസ്ഥയിലാണ്.
അതിനിടെ വിലയിൽ തിരുത്തലുണ്ടായതോടെ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് ഉടനെയുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. നവംബർ നാലിന് എക്സൈസ് തീരുവയിൽ സർക്കാർ കുറവുവരുത്തിയതിനുശേഷം വിലയിൽ വർധനവുണ്ടായിട്ടില്ല. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇന്ധന നികുതിയിൽ കുറവു വരുത്തിയാൽ മാത്രമേ ഇന്ത്യക്കാർക്ക് എണ്ണ വിലയുടെ കുറവ് അനുഭവിക്കാൻ സാധിക്കൂ എന്നതാണ് വസ്തുത.
ആദ്യകോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറിന് താഴെയെത്തിയിരുന്നു. വീണ്ടും കോവിഡ് ഭീതി ഉയർന്നതോടെ വിതരണം കുറച്ച് വില പിടിച്ചുനിർത്താൻ എണ്ണ ഉത്പാദക രാജ്യങ്ങൾ ശ്രമം നടത്തിവരികായാണ്.