ബാലസൗഹൃദ പഞ്ചായത്താകാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്
മലപ്പുറം : കുട്ടികളുടെ വികാസമാണ് ഒരു രാജ്യത്തിന്റെ ഭാവിയും പുരോഗതിയും നിര്‍ണ്ണയിക്കുന്നത്. കുട്ടികളുടെ മാനസികവും, സാമൂഹികവുമായ വളര്‍ച്ചക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബാല സൗഹൃദ പദ്ധതി മലപ്പുറം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായിനടന്ന കില പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആറ് കേന്ദ്രങ്ങളിലായി പരിശീലനം നടക്കും. ആദ്യ ബാച്ചിന്റെ പരിശീലനത്തില്‍ മലപ്പുറം, കൊണ്ടോട്ടി, വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളും കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം നഗസഭകളുമാണ് പങ്കെടുത്തത്.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, ഹെഡ്മാസ്റ്റര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ പി അഷ്‌റഫ്, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, സെക്രട്ടറി റഷീദ് എന്നിവര്‍ പ്രസംഗിച്ചു. കില ഫെസിലിറ്റേറ്റര്‍ എ ശ്രീധരന്‍, ബ്ലോക്ക് കോ. ഓര്‍ഡിനേറ്റര്‍ കെ എം റഷീദ്, ഫാക്കല്‍റ്റികളായ റഹ്മത്തുള്ള താപി, ഡി സി പി ഒ മാരായ റിംസി, സഫിയ എന്നിവര്‍ ക്ലാസെടുത്തു.