ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത ആളാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ് പി പ്രതികരിച്ചു.
ദൃക്സാക്ഷികൾ തിരിച്ചറിയേണ്ടതുകൊണ്ട് പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്‌പി ആർ വിശ്വനാഥ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സഞ്ജിതുകൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് കേസിലെ നിർണായക അറസ്റ്റ്. ഇന്നലെ മുണ്ടക്കയത്തുനിന്നാണ് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈർ നാലുമാസം മുൻപാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.
സുബൈറിന് താമസിക്കാനായി എടുത്തുനൽകിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല. മൂന്നുപേർക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങൾ പൊലീസിനിനിയും പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക. പാലക്കാട് എസ്‌പിആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
നവംബർ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർഎസ്എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടിൽനിന്ന് അൽപമകലെയായി മമ്പറത്ത് ഒരുസംഘം ആളുകൾ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്.
കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പൊലീസ് വിശദീകരണം. സംഭവത്തിനുപിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് ബിജെപി. ആരോപിക്കുന്നുണ്ടെങ്കിലും ഇത് എസ്.ഡി.പി.ഐ. നിഷേധിച്ചിരുന്നു. കേസിൽ എട്ട് സംഘങ്ങളായാണ് അന്വേഷണം തുടരുന്നത്.
കൊലപാതകത്തിന് എത്തിയ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. സഞ്ജിത്തുകൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.