ജില്ലയില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല; രജിസ്‌ട്രേഷനുകള്‍ മുടങ്ങുന്നു
മലപ്പുറം: ആയിരം, അഞ്ഞൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറുകള്‍ ലഭിക്കാത്തതു മൂലം മലപ്പുറം ജില്ലയിലെ വസ്തു രജിസ്‌ട്രേഷനുകള്‍ പൂര്‍ണമായും മുടങ്ങുന്നു. നൂറ്, അമ്പത് രൂപയുടെ സ്റ്റാമ്പ് പേപ്പറുകള്‍ക്കും കടുത്ത ക്ഷാമമാണ്. 5,000 രൂപ മുതല്‍ മേല്‍പ്പോട്ടുള്ളവ ജില്ലയില്‍ത്തന്നെ ലഭ്യമാണ്. ഇ പെയ്‌മെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതെന്നാണ് വെണ്ടര്‍മാരും ആധാരം എഴുത്തുകാരും നല്‍കുന്ന സൂചന. എന്നാല്‍ തൊട്ടടുത്ത ജില്ലകളില്‍ മുദ്രപത്രങ്ങള്‍ ലഭ്യവുമാണ്.
തിരുവനന്തപുരം ഡിപ്പോയില്‍നിന്നാണ് മഞ്ചേരി സ്റ്റാമ്പ് ഡിപ്പോയിലേക്ക് സ്റ്റാമ്പ് പേപ്പര്‍ എത്തുന്നത്. ഇവിടെ നിന്നാണ് ട്രഷറികളിലേക്കും സബ് ട്രഷറികളിലേക്കും എത്തിക്കുന്നത്. എന്നാല്‍ രണ്ടു മാസത്തിലേറെയായി മഞ്ചേരി ഡിപ്പോയിലേക്ക് മുദ്രപത്രം എത്തിയിട്ട്.
വസ്തു ഇടപാടില്‍ എഗ്രിമെന്റ് കഴിയാറായിട്ടും ആധാരം രജിസ്റ്റര്‍ ചെയ്യാനാകുന്നില്ല. ആവശ്യം നടക്കാന്‍ പലരും അയല്‍ ജില്ലയില്‍
നിന്ന് സ്റ്റാമ്പ് പേപ്പര്‍ വാങ്ങിയാണ് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത്. ആയിരം രൂപയുടെ മുദ്രപത്രം ആവശ്യമുള്ളിടത്ത് 5,000 രൂപയുടേത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. വിവാഹ രജിസ്‌ട്രേഷനും കരാര്‍ എഴുത്തു പോലും മുടങ്ങിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നാണ് വെണ്ടര്‍മാരുടെയും ആധാരമെഴുത്തുകാരുടെയും ആവശ്യം.