പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണം : ആര്യാടന്‍ മുഹമ്മദ്
മലപ്പുറം : പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവുകയും വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര രംഗത്തെ നായക സ്ഥാനം തന്നെയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസിനെ മലബാറിന്റെ മുക്കിലും മൂലയിലും കരുപ്പിടിപ്പിക്കുന്ന കാര്യത്തിലും അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുണ്ട് ഈ യുവ രാഷ്ട്രീയ നേതാവ്. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാറിന്റെ അമരത്തില്‍ നിന്നുകൊണ്ടാണ് അബ്ദുറഹിമാന്‍ സാഹിബ് ഇത് സാധിച്ചെടുത്തത്. 1921 തൊട്ട് 1945 വരെയുള്ള ഏതാണ്ട് രണ്ടര പതീറ്റാണ്ടുകാലം മലബാറിന്റെ രാഷ്ട്രീയ ചരിത്രം രചിക്കുന്നതില്‍ മുഹമ്മദ് അബ്ദുറഹിമാന് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ഇതിനിടയില്‍ ഒമ്പത് വര്‍ഷകാലത്തെ കൊടുംയാതനകള്‍ അനുഭവിച്ച ജയില്‍ ജീവിതവും അദ്ദേഹത്തിന് പോരാട്ടത്തിന്റെ നാളുകളായിരുന്നു. തന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പ്രസിദ്ധീകരിച്ച ‘അല്‍ അമീന്‍ ‘ പത്രം സ്വാതന്ത്ര്യ സമര രംഗത്ത് അദ്ദേഹത്തിന് ഏറ്റവും ശക്തിപകര്‍ന്ന കൂട്ടായിരുന്നു.
മദിരാശി നിയമസഭയിലെ ശ്രദ്ധേയനായ സാമാജികന്‍, കോഴിക്കോട് നഗരസഭയിലേയും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേയും പ്രക്ഷോഭകാരിയായ ജനപ്രതിനിധി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ യുഗപുരുഷനായിരുന്നു അദ്ദേഹമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഏറെ പിന്നണിയില്‍ കിടന്നിരുന്ന മുസ്ലീം സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ പ്രത്യേക പരിഗണനയും പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയ നേതാവാണ് മുഹമ്മദ് അബ്ദുറഹിമാന്‍.
സമരത്തിന്റെ നായക സ്ഥാനത്തോടൊപ്പം മലബാര്‍ കലാപത്തില്‍ ഇരകളായവര്‍ക്ക് വേണ്ടി വിവിധ സ്ഥലങങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത് ഈ മനുഷ്യ സ്‌നേഹിയുടെ ചരിത്രത്തില്‍ അവിസ്മരണീയ ഏടുകളാണ്. കോഴിക്കോട്ടെ ജെ ഡി ടി ഇസ്ലാം എന്ന അനാഥാലയം സ്ഥാപിച്ചത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ആയിരുന്നു എന്ന കാര്യം പുതുതലമുറയില്‍ പലര്‍ക്കും അറിഞ്ഞുകൂടാ.
മൂന്നു തവണ കെ പി സി സി പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. പക്ഷേ രണ്ടു കൊല്ലത്തിനിടക്കാണ് ഇതെല്ലാം സംഭവിച്ചത്. 1938, 1939, 1940 വര്‍ഷങ്ങളിലായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയും ചുരുങ്ങിയ കാലത്തിനിടക്ക് കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ അദ്ദേഹത്തിനെ നിര്‍ബന്ധിപ്പിച്ചത് നിലപാടുകളുടെ കര്‍ക്കശ്യത തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക അവാര്‍ഡ് ലക്ഷദ്വീപ് സമൂഹത്തിന്റെ പൗരാവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ യുവ ചലച്ചിത്ര സംവിധായികയും നടിയുമായ ആയിഷ സുല്‍ത്താനക്ക് ആര്യാടന്‍ മുഹമ്മദ് സമ്മാനിച്ചു. ഡി സിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് പി സി സി പ്രസിഡന്റും മുന്‍ എം പി യുമായ ഹംദുല്ല സയ്യിദ് , എ പി അനില്‍കുമാര്‍ എം എല്‍ എ, കെ പി സി സി ജന. സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, മുന്‍ എം പി സി ഹരിദാസ്, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി. ടി അജയ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.