Fincat

മൂന്നു കോടി വില വരുന്ന എംഡിഎംഎയുമായി 29 കാരൻ മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: മലപ്പുറം മേൽമുറി ഹൈവേയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസാണ് (29) മലപ്പുറം പൊലീസിന്റെ പിടിയിലായത്. മലപ്പുറം പൊലീസ് നടത്തിയത് ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നു പൊലീസ് പറഞ്ഞു.

1 st paragraph

ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും എം.ഡി.എം.എ(മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പോലുള്ള മാരക മയക്കുമരുന്നുകൾ യുവാക്കളേയും കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

2nd paragraph

ഇതിനെ തുടർന്ന് മലപ്പുറം ഡിവൈ.എസ്‌പി: പി.എം പ്രദീപ്, സിഐ. ജോബിതോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്‌ഐ. അമീറലിയും സംഘവും ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

തുടർന്നാണ് മൊറയൂർ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറിൽ വരുന്നതായി ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് മലപ്പുറം ഭാഗത്തേക്ക് വരുന്നവഴി മേൽമുറി ടൗണിനടുത്ത് ഹൈവേയിൽ വച്ച് കാറിൽ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എ പിടികൂടിയത്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ വൻ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്നും ബംഗളൂരുവിൽ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കൾക്ക് വിൽപ്പന നടത്തുന്നതെന്നും ആവശ്യക്കാർ മോഹവില കൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിന്റെ പ്രത്യേകതയാണെന്നും പൊലീസ് പറഞ്ഞു.

ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റു വിൽപ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈ.എസ്‌പി: പി.എം.പ്രദീപ് പറഞ്ഞു. ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരൻ ,പ്രശാന്ത് പയ്യനാട് , എൻ.ടി.കൃഷ്ണകുമാർ ,ദിനേഷ് .കെ, പ്രഭുൽ.കെ., സഹേഷ്, എഎസ്ഐ.സിയാദ് കോട്ട, എസ്.സി.പി.ഒമാരായ സതീഷ് കുമാർ ,രജീഷ്, ഹമീദലി,ജസീർ, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.