മൊഫിയയുടെ മരണത്തിന് ഉത്തരവാദികൾ അറസ്റ്റിൽ

കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്‌റ്റേഷനിലെ അപമാനമായിരുന്നു ആത്മഹത്യയ്ക്ക് കാരണം. സ്ത്രീധന പീഡന വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്.സുഹൈലും അമ്മയം അച്ഛനുമാണ് അറസ്റ്റിലായത്. കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ്. പൊലീസിൽ പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെയുള്ള പരാതിയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചിരുന്നു. എന്നാൽ ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഭർത്താവിനെ അടിച്ചതായും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. പൊലീസിനെതിരെയും ആത്മഹത്യാ കുറിപ്പിൽ പരാമർശങ്ങളുണ്ട്. തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പൊലീസിനെതിരായ പരാമർശം.

തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയാണ് മൊഫിയ. പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങളിലും അന്വേഷണസംഘം ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുട4ന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷനും, റൂറൽ എസ്‌പിയു0 ആവശ്യപ്പെട്ടിരുന്നു.

മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറൽ എസ് പിക്ക് പരാതി നൽകി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വൻ തുക സ്ത്രിധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാൽ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. പരാതികൾ പല സ്റ്റേഷനുകൾക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പൊലീസ് ചെയ്തത്.

ഒടുവിൽ ദേശീയ വനിതാ കമീഷന് നൽകിയ പരാതിയിൽ അന്വേഷണം എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ ആലുവ ഈസ്റ്റ് സിഐ സുധീർ ഇരുവീട്ടുകാരെയും ചർച്ചക്ക് വിളിച്ചത്. എന്നാൽ ചർച്ചക്കിടെ സുധീർ പെൺകുട്ടിയേയും അച്ചനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയെതെന്ന് വീട്ടുകാർ പറയുന്നു. ഉച്ചയോടെ ഇരു വീട്ടുകാരും സ്റ്റേഷനിൽ നിന്ന് മടങ്ങി. പിന്നീട് വൈകിട്ട് ഏഴ് മണിയോടെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാർ കാണുന്നത്.

ഭർത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ആത്മത്യാക്കുറിപ്പ് എഴുതി വച്ചാണ് മോഫിയ ജീവനൊടുക്കിയത്. സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റിയെന്നും സിഐക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അടക്കം ഡിവൈഎസ്‌പി അന്വേഷിക്കുമെന്നും ആലുവ റൂറൽ എസ് പി കാർത്തിക്ക് അറിയിച്ചിട്ടുണ്ട്.