സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി പരാതി
കുറ്റിപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി പരാതി. തന്നെ വാട്സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ തന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായും ചൂണ്ടിക്കാട്ടി കുറ്റിപ്പുറം സ്വദേശി റസിയയാണ് രംഗത്തെത്തിയത്.
സംഭവത്തെ കുറിച്ച് റസിയ പറയുന്നതിങ്ങനെ;
മക്കളുമൊത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്സി ഡ്രൈവറെയും ചേർത്തു പ്രദേശത്തുള്ളയാൾ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു. അവിഹിത ബന്ധത്തിനിടെ നാട്ടുകാർ കയ്യോടെ പിടികൂടി എന്ന തരത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. ഞങ്ങളുടെ സമീപത്തുള്ളവർ ഇത്തരത്തിലൊരു സംഭവം നടന്നില്ലെന്ന് അറിയിച്ചിട്ടും പ്രതി ഇത്തരം അപവാദപ്രചരണം തുടർന്നു. ഗൾഫിലുള്ള ഭർത്താവിന്റെയും പ്രായപൂർത്തിയായ മക്കളുടെയും നിർദ്ദേശപ്രകാരം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റിപ്പുറം സിഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രമോദ് നിങ്ങളുടെ പരാതിയിൽ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുള്ള വാദം ഉന്നയിച്ചു തന്നെ മാനസികമായി തളർത്തുകയും കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തന്നെപ്പറ്റി മഹല്ല് വാട്സാപ്പ് ഗ്രൂപ്പുകളിൽ അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈൽ നമ്പർ അടക്കം നൽകിയിട്ടും ഇയാൾക്കെതിരെ തെളിവില്ല എന്നാണ് ഈ പോലീസുകാരൻ പറഞ്ഞത്. സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് റസിയ പറഞ്ഞു.