കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന് കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കരിപ്പൂർ: വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന് കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെ മൂന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മൂന്ന് സൂപ്രണ്ടുമാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പാണ് യാത്രക്കാരനിൽനിന്ന് കണ്ടെടുത്ത് കസ്റ്റംസിെൻറ ലോക്കറിൽ സൂക്ഷിച്ച ഒരു കിലോയോളം സ്വർണം കാണാതായത്. തുടർന്ന്ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ കൊച്ചി കസ്റ്റംസ് കമീഷണറേറ്റിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് വകുപ്പുതലത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരെ സസ്െപൻഡ് ചെയ്തിരിക്കുന്നത്. വിശദ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞവർഷം സി.ബി.െഎ-ഡി.ആർ.െഎ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ കരിപ്പൂരിൽ നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സ്വർണ കടത്തിന് ഒത്താശ നൽകിെയന്നതിനെ തുടർന്നായിരുന്നു അന്ന് നടപടി സ്വീകരിച്ചത്.