പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു, ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. പുത്തൂർ ഹൈസ്കുളിൽ പൊതുദർശനത്തിന് വച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, എം പി രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ തുടങ്ങിയ രാഷ്‌ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സ്‌കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. വിവിധ സേനകളിലെ ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

സ്‌കൂളില്‍ ഒരു മണിക്കൂറോളം നേരം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചരയോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

പ്രദീപിന്റെ സഹോദരൻ പ്രസാദ് മൃതദേഹം ഏറ്റുവാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാൽ ഡൽഹിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമേ വിട്ടുനൽകൂ എന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സഹോദരൻ തിരിച്ചെത്തുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന പിതാവിനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്.

2004ലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണിൽ ജൂനിയർ കേഡറ്റ് ഓഫീസർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറൽ ബിപിൻ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂർ വ്യോമത്താവളത്തിൽ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രദീപ്.