സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി
കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി നൽകി കോളേജ് മാനേജ്‌മെന്റ്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ കോയമ്പത്തൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ വൻ ആഘോഷവും ഡി.ജെ. പാർട്ടിയും നടത്തിയെന്നായിരുന്നു യൂട്യൂബ് ചാനലിലെ വാർത്ത.
ചാനൽ സംപ്രേഷണം ചെയ്ത മൂന്നുമിനിറ്റ് വിഡിയോക്കെതിരെയാണ് പരാതി. നീലഗിരിയിലെയും കോയമ്പത്തൂരിലെയും കോളജുകളിൽ പഠിക്കുന്ന ഒരു പ്രത്യേക സമുദായത്തിലെ വിദ്യാർത്ഥികൾ ബിപിൻ റാവത്തിന്റെ മരണം ആഘോഷിക്കുന്നുവെന്ന തരത്തിലാണ് വിഡിയോ. വിഡിയോ വൈറലായതോടെ കോളജിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം ആഘോഷിക്കുന്നവരാണ് ഈ വിദ്യാർത്ഥികളെന്നും ചില ദൃശ്യങ്ങൾ സഹിതം യൂട്യൂബ് ചാനൽ വാർത്ത നൽകുകയായിരുന്നു. ഹെലികോപ്റ്റർ അപകടം നടന്നതിന്റെ പിറ്റേ ദിവസമായ ഡിസംബർ ഒമ്പതിനാണ് പാർട്ടി നടന്നതെന്നും വാർത്തയിലുണ്ടായിരുന്നു.
എന്നാൽ, യൂട്യൂബ് ചാനലിന്റെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്ന് വെളിപ്പെടുത്തി കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റാണ് പൊലീസിൽ പരാതി നൽകിയത്. ഡിസംബർ ഏഴാം തീയതി കോളേജ് ഹോസ്റ്റലിൽ നടന്ന ഫ്രഷേഴ്‌സ് പാർട്ടിയുടെ ദൃശ്യങ്ങളാണ് യൂട്യൂബ് ചാനൽ പുറത്തുവിട്ടതെന്ന് പരാതിയിൽ പറയുന്നു.
ഹെലികോപ്റ്റർ അപകടം ആഘോഷിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞാണ് ഈ ദൃശ്യങ്ങൾ യൂട്യൂബ് ചാനൽ പുറത്തുവിട്ടതെന്നും ഇത് വ്യാജവാർത്തയാണെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അപകടം നടന്നതിന്റെ പിറ്റേദിവസം കോളേജിൽ അനുസ്മരണ പരിപാടികളടക്കം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളെ മോശമായി ചിത്രീകരിക്കാനും കോളജിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും ചില ഓൺലൈൻ ചാനലുകൾ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. റാവത്തിന്റെയും മറ്റു 12 പേരുടെയും മരണം അറിഞ്ഞതിന് ശേഷം ഡിസംബർ ഒമ്പതിന് കോളജും വിദ്യാർത്ഥികളും ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തിരുന്നു’ -കോളജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു യുട്യൂബ് ചാനലിനെതിരെ കേരള പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.