കാക്കനാട്‌ എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു ലഹരി വസ്‌തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജർ

സംഘത്തെ നിയന്ത്രിക്കുന്നത് സുസ്‌മിത, കൃത്രിമ ലഹരികള്‍ക്ക് കേരളത്തില്‍ ഇടപാടുകാരേറെ, കിലോയ്‌ക്കു 15 ലക്ഷം, ഹവാലയും മനുഷ്യക്കടത്തും; എം.ഡി.എം.എ. നല്‍കിയത്‌ ശ്രീലങ്കന്‍ വംശജര്‍

കൊച്ചി : കാക്കനാട്‌ എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്‌തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടു പേര്‍. വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്‌നാട്ടുകാരാണെന്നും എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. ഇവരുടെ താമസസ്‌ഥലം അടഞ്ഞു കിടക്കുകയാണ്‌. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗത്തിന്റെ സഹായം തേടി.

വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളവം തുറമുഖവും വഴിയെത്തുന്ന കാര്‍ഗോയില്‍ ഒളിപ്പിച്ചാണ്‌ എം.ഡി.എം.എ. പോലുള്ള കൃത്രിമ ലഹരി എത്തിക്കുന്നത്‌. ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ്‌ ഓയില്‍ കടത്തുന്നതായും കണ്ടെത്തി. ശ്രീലങ്കയില്‍ ഇരുന്നാണു ഇടപാടുകാര്‍ ലഹരി വസ്‌തുക്കള്‍ ഓര്‍ഡര്‍ ചെയ്യുന്നത്‌. ഇവ എത്തുന്നതും പ്രധാനമായും ചെന്നൈയിലും മറ്റു ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലും.

ഇവരുടെ ബന്ധുക്കളും കള്ളക്കടത്ത്‌ പതിവാക്കിയവരാണ്‌. സ്വര്‍ണം, പുരാവസ്‌തുക്കള്‍ തുടങ്ങി നിരോധനമുള്ള പലതും കടത്തുന്നുണ്ട്‌. ഹവാല, മനുഷ്യക്കടത്ത്‌ ഇടപാടുകളിലും ഇവര്‍ക്കു ബന്ധമുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ അറിവുണ്ട്‌. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്‌.ചെന്നൈയില്‍ ശ്രീലങ്കന്‍ അഭിയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്‌. ഒളിയിടങ്ങള്‍ ഏറെയുള്ള ഇവിടെ പിന്തുടര്‍ന്നു പിടികൂടുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണു എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ ചെന്നൈ കസ്‌റ്റംസിന്റെ സഹായം തേടിയത്‌. യൂറോപ്പ്‌, റഷ്യ, അഫ്‌ഗാനിസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു വാങ്ങുന്ന കൃത്രിമ ലഹരികള്‍ ഇന്ത്യയില്‍ ഒരു കിലോയ്‌ക്കു 15 ലക്ഷം രൂപ മുതലാണ്‌ ഇവര്‍ ഈടാക്കുന്നത്‌.

കേസില്‍ അറസ്‌റ്റിലായ സുസ്‌മിതയാണു കേരളത്തിലെ സംഘത്തെ നിയന്ത്രിക്കുവരില്‍ ഒരാള്‍. ഇവര്‍ പ്രതികള്‍ക്കു ബാങ്ക്‌ അക്കൗണ്ട്‌ വഴിയും ഗൂഗിള്‍പേ വഴിയും വലിയ തോതില്‍ പണം നല്‍കിയിരുന്നു. വാഴക്കാലയിലെ ഫ്‌ളാറ്റില്‍ നിന്നു ലഹരി പിടിച്ചകേസില്‍ ഇതുവരെ 21 പേര്‍ അറസ്‌റ്റിലായിട്ടുണ്ട്‌. ഫ്‌ളാറ്റിന്റെ സ്‌റ്റെയര്‍കേസില്‍ വച്ചിരുന്ന 1.85 കിലോ എം.ഡി.എം.എ. പിടിച്ച മറ്റൊരു കേസില്‍ ആറുപേരെയാണു പ്രതിചേര്‍ത്തത്‌. ഈ കേസിലാണു ശ്രീലങ്കന്‍ വംശജരെ പിടികൂടാനുള്ളത്‌. കൂടുതല്‍ അന്വേഷണത്തിനായി എക്‌സൈസ്‌ സംഘം വീണ്ടും ചെന്നൈയില്‍ പോകുന്നുണ്ട്‌. ഈ കേസില്‍ നാലുപേരെ കസ്‌റ്റഡിയില്‍ വാങ്ങിയിരുന്നു. രണ്ടു പ്രതികളെക്കൂടി കസ്‌റ്റഡിയില്‍ വാങ്ങാനാണു നീക്കം.