മലപ്പുറത്ത് ഭാര്യാസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസ്; കൂട്ടുപ്രതിയും സൂത്രധാരനുമായ പ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം വറ്റലൂരിൽ സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിനിടെ ഭാര്യയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസിലെ കൂട്ട് പ്രതിയും സുത്രധാരനുമായ യുവാവ് പിടിയിൽ. ജാഫർ കൊലക്കേസിലെ രണ്ടാം പ്രതി വറ്റലൂർ നെച്ചികുത്ത് പറമ്പ് കോഴിപ്പള്ളി വീട്ടിൽ റാഷിദ് (36)നെയാണ് വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് കുഞ്ഞീതീന്റെ മകൻ ജാഫർ ഖാൻ (39) കഴിഞ്ഞ മൂന്നിന് പുലർച്ചെ അഞ്ചരയോടെ മക്കരപറമ്പ അമ്പലപ്പടി വറ്റലൂർ റോഡിലെ ആറങ്ങോട്ട് ചെറുപുഴയോട് ചേർന്നുള്ള നിസ്‌ക്കാര പള്ളിക്കടുത്തുള്ള പാലത്തിൽ വച്ചാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് ഒന്നാം പ്രതിയായ ഭാര്യയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായിട്ടുള്ള കോഡൂർ കരീ പറമ്പ് റോഡിലെ തോരപ്പ അബ്ദുറഹൂഫ് (41)പൊലീസ് നിരീക്ഷണത്തിൽ ഇപ്പോഴും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ജാഫർ മഞ്ചേരിയിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ എതിരെ ഇന്നോവയിൽ എത്തിയ റഹൂഫ് പാലത്തിൽ തടഞ്ഞിട്ട് കൊടുവാളുകൊണ്ട് ജാഫറിനെ വെട്ടുകയായിരുന്നു. ഇതേ തുടർന്ന് സംഘത്തിലെ പ്രധാന കണ്ണിയായ റാശിദ് ഒളിവിലായിരുന്നു. വിവിധ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ വർഷങ്ങളായി നില നിൽക്കുന്നുണ്ട്.
മരണപ്പെട്ട വ്യക്തിയുടെ ബന്ധുവിന്റെ പരാതി പ്രകാമാണ് കൊളത്തൂർ പൊലീസ് കേസെടുത്തത്. കൊളത്തൂർ ഇൻസ്പെക്ടർ ,എ. സജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സബ്ഇൻസ്പെക്ടർ മണി എൻ പി, വനിതാ എ എസ് ഐ ജ്യോതി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുബ്രഹ്മണ്യൻ , സിവിൽ പൊലീസ് ഓഫീസർ അബ്ദുൽ സത്താർ, മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനും നിർണായക വിവരശേഖരണത്തിനുമായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു