രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി; മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയാണ്. സമിതിയില്‍ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിന്റെ അംഗമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തൂ എന്നും കേരളത്തോട് കോടതി പറഞ്ഞു.
തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാന്‍ കഴിയില്ല.എപ്പോള്‍ വെള്ളം തുറന്നുവിടണം, എത്ര തുറന്നുവിടണമെന്ന് തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയില്ലേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയെ അറിയിക്കൂ എന്ന് കേരളത്തോട് കോടതി പറഞ്ഞു. സമിതി ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണെന്നും കോടതി അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേസ് കോടതി ജനുവരി 11 ലേക്ക് മാറ്റി. മേൽനോട്ട സമിതിയിൽ വിഷയം ഉന്നയിച്ച് പരിഹാരം തേടണം എന്ന് അറിയിച്ച കോടതി കേരളത്തിന്റെ ആവശ്യം തീർപ്പാക്കി. അണക്കെട്ടിന്റെ ദൈനം ദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്ന് വിടുന്നുവെന്ന് കേരളം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്നും കേരളം പറഞ്ഞു