കടുവയെ പിടിക്കാൻ വനപാലകർ ഒന്നും ചെയ്തില്ല, ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ, സംഘർഷം
മാനന്തവാടി: വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ പ്രദേശവാസിയെ കുത്താൻ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കടുവയെ കണ്ടെന്ന വിവരം ലഭിച്ചിട്ടും അതിനെ പിടികൂടാൻ വനപാലകർ കാര്യമായിഒന്നും ചെയ്തില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി ഒരുമണിയോടെ പുതിയേടം പ്രദേശത്ത് കടുവ ഇങ്ങിയത് ഒരു കുടുംബം കാണുകയും അവർ കൗൺസിലറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പുകാർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ അവർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും കൈയിൽ തിരച്ചിൽ നടത്താൻ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിന്റെ പേരിലായിരുന്നു രാവിലെ പ്രദേശത്ത് ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായത്.വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു.
സംഘർഷത്തിനെയാണ് ഉദ്യോഗസ്ഥൻ കത്തിയെടുത്ത് പ്രദേശവാസിയെ കുത്താൻ ശ്രമിച്ചത്. അടുത്തുണ്ടായിരുന്നു മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞതുകൊണ്ടുമാത്രം അത്യാഹിതം സംഭവിച്ചില്ല. ഉദ്യോഗസ്ഥനെതിരെ കർശന നടപടി എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ജനങ്ങളോട് ഇടപെടുന്നതിനിടയിൽ കത്തി ഊരി വീശുന്നതിനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് കൗൺസിലറും നാട്ടുകാരും ചോദിക്കുന്നത്. ഒരു ഉദ്യോഗസ്ഥനോട് ഒച്ചവച്ച് സംസാരിച്ചു എന്നതിന്റെ പേരിലാണ് സംഘത്തിലെ മുഴുവൻ അംഗങ്ങളും എല്ലാവരേയും കൈയേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായതെന്നാണ് കൗൺസിലർ പറയുന്നത്.