പ്രസവിച്ച ഉടൻ വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു, അയൽവാസിയിൽ നിന്ന് ഗർഭം ധരിച്ച ഇരുപത്തിരണ്ടുകാരിയുടെ ക്രൂരതയിൽ ഞെട്ടി പൊലീസ്

തൃശ്ശൂർ: പൂങ്കുന്നം എംഎൽഎ റോഡ് കനാലിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എൽ.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലിൽ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളുകൾ അറിയിച്ചതിനെതുടർന്ന്, പൊലീസിത്തെത്തി മൃതദേഹം ഏറ്റെടുക്കുകയും ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി, മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയുമുണ്ടായി.

പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കൾ ബൈക്കിൽ വന്ന്, സഞ്ചി ഉപേക്ഷിച്ച് പോകുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് തൃശൂർ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കുറ്റകൃത്യം വെളിച്ചത്തു വന്നത്.

അയൽവാസികളായ മാനുവലും മേഘയും രണ്ടുവർഷത്തിലധികമായി പ്രണയത്തിലാണ്. ഇതിനിടയിൽ മേഘ ഗർഭിണിയായി. ഇത് വീട്ടുകാർ അറിയാതെ മറച്ചുവെച്ചു. വീടിന്റെ മുകളിലത്തെ മുറിയിൽ ഒറ്റക്കായിരുന്നു മേഘ കിടന്നുറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കിടപ്പുമുറിയിൽ വെച്ച് മേഘ പ്രസവിച്ച കാര്യവും വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്രസവിച്ച ഉടൻ തന്നെ റൂമിൽ കരുതിവെച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു എന്നാണ് മേഘ പറയുന്നത്. പിന്നീട് കുളിച്ച് വസ്ത്രങ്ങൾ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങൾ കക്കൂസിൽ ഒഴുക്കിക്കളഞ്ഞു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണിൽ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹമടങ്ങിയ കവർ കാമുകനായ മാനുവലിനെ ഏൽപ്പിച്ചു. മാനുവൽ അയാളുടെ സുഹൃത്തായ അമലിനോട് സഹായമഭ്യർത്ഥിച്ചു.

മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും ബൈക്കിൽ കയറി മുണ്ടൂരിലെ പെട്രോൾ പമ്പിൽ പോയി 150 രൂപയുടെ ഡീസൽ വാങ്ങി. എന്നാൽ അനുയോജ്യ സാഹചര്യം ഇല്ലാത്തതിനാൽ മൃതദേഹം കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകൾ കൂടി നിന്നിരുന്നതിനാൽ അതിനും സാധിച്ചില്ല. അതിനുശേഷമാണ് ഇരുവരും ചേർന്ന് ബൈക്കിൽ പൂങ്കുന്നം എംഎൽഎ റോഡ് കനാൽ പരിസരത്തേക്ക് എത്തിയത്. ബൈക്ക് അവിടെ നിർത്തി കനാലിന്റെ വരമ്പിലൂടെ നടന്ന്, മേഘ കൊടുത്തുവിട്ട പ്ലാസ്റ്റിക് കവർ തുറന്ന്, മൃതദേഹമടങ്ങിയ സഞ്ചി കനാലിലെ വെള്ളത്തിൽ ഇറക്കി വെച്ച് വേഗത്തിൽ തിരിച്ചു പോവുകയും ചെയ്തു.

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതു മുതൽ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയുടെ കൃത്യമായ മേൽനോട്ടത്തിൽ തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ വികെ രാജു, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ എം.കെ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വിരലടയാള വിദഗ്ദർ, സയൻറ്ഫിക് ഓഫീസർ, ഡോഗ് സ്‌ക്വാഡ് പൊലീസ് ഫോട്ടാഗ്രാഫർ , ഷാഡോ പൊലീസ് എന്നിവരുടെ സേവനം ഇതിനായി വിനിയോഗിക്കപ്പെട്ടു. തൃശൂർ സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ മുഴുവൻ നിരീക്ഷിച്ചു. സംശയാസ്പദമായ ആളുകളെ വിശദമായി ചോദ്യം ചെയ്തു. പഴുതടച്ചതും ശാസ്ത്രീയ രീതിയിലുള്ളതുമായ അന്വേഷണമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുവാൻ സഹായിച്ചത്.

അറസ്റ്റിലായ മേഘ എം.കോം. ബിരുദധാരിയും തൃശൂരിൽ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജോലിക്കാരിയുമാണ്. മാനുവൽ പെയിന്റിങ്ങ് തൊഴിലാളിയാണ്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ശിശുവിന്റെ ഡി.എൻ.എ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കൂടുതൽ നടത്തുവാനുണ്ടെന്നും പ്രതികളെ അറസ്റ്റ്‌ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യ, അസി. കമ്മീഷണർ വികെ രാജു എന്നിവർ അറിയിച്ചു. തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ കെ. ആർ രമിൻ, സബ് ഇൻസ്‌പെക്ടർ കെ.ജി. ജയനാരായണൻ, ഷാഡോ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ ടി.വി, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്ത അന്വേഷണ സംഘാംഗങ്ങൾ.