കൊമ്പന്മാരുടെ പുതിയ ജെഴ്‌സിയെത്തി; മഞ്ഞയിൽ തിളങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിൽ മത്സരിക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം-എവേ ജേഴ്സികൾ പുറത്തിറക്കി. ഹ്രസ്വ ചിത്രത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ പ്രസൻ്റേഷൻ വിഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഹോം കിറ്റ്‌ അവതരിപ്പിച്ചത്.

ടീമി​ന്റെ മുഖമുദ്രയായ മഞ്ഞ നിറം തന്നെയാണ് ഇത്തവണയും ജെഴ്സിയിലെ പ്രധാന ആകർഷണം. മുൻ വർഷങ്ങളിലെ പോലെ മഞ്ഞയും നീലയും നിറങ്ങൾ തന്നെയാണ് ജെഴ്സിയിൽ ഉള്ളതെങ്കിലും ഡിസൈനിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ട്.ഡാർക്ക്​ യെല്ലോ പ്ലസ് ഡാർക്ക്​ ബ്ലൂ കളർ കോമ്പോയിലാണ് ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. സവിശേഷമായ മഞ്ഞ നിറത്തിലൂടെ സംസ്ഥാനത്തിന്റെ സംസ്‌കാരത്തെയാണ് ജെഴ്സി പ്രതിനിധാനം ചെയ്യുന്നതെന്നാണ് മാനേജ്​മെന്റ് വാദം. പരമ്പരാഗത വേഷമായ സെറ്റ് മുണ്ടിനെയും സാരിയുടെ കരയെയും ഓർമിപ്പിക്കും വിധം ജേഴ്‌സിയിൽ നിശ്ചിത അകലത്തിൽ സമാന്തര രേഖകളും ഉൾകൊള്ളിച്ചിട്ടുണ്ട്.

നവംബർ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എൽ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും. 26ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബർ 13ന് കഴിഞ്ഞ ഐ.എസ്.എൽ സീസണിലെ ചാമ്പ്യന്മാരായ ബംഗളൂരു എ.ഫ്‌സിയെ കേരളം നേരിടും.

കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും ഈ സീസണിൽ ഐ.എസ്എൽ മത്സരങ്ങൾ നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല