മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽ പെട്ടു; മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു
കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ പെരുമ്പ പാലത്തിനടുത്ത് വച്ചായിരുന്നു സംഭവം. കാസർകോട് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിനു തൊട്ടു പിന്നിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനം കടന്നു പോയിരുന്നു. ഇതിനു പിന്നാലെ വന്ന മുഖ്യമന്ത്രിയുടെ സുരക്ഷ ആംബുലൻസും, ഡി.വൈ എസ്. പി സ്പെഷ്യൽ ബ്രാഞ്ചിന്റെ വാഹനവും ഒരു പൊലീസ് വാഹനവുമാണ് കൂട്ടിയിടിച്ചത്.
സമീപത്തെ സിനിമാ തീയറ്ററിൽ നിന്ന് സ്വകാര്യ വാഹനം റോഡിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം. മുഖ്യമന്ത്രി യാത്ര തുടർന്നെങ്കിലും സുരക്ഷ വീഴ്ച പൊലീസ് അന്വേഷിക്കുന്നുണ്ട്. കാസർകോട് സിപിഎം പുതിയ ജില്ലാ കമ്മിറ്റി കഴിലായ എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയും പരിവാരങ്ങളും. വിദ്യാനഗർ ചാല റോഡിൽ 42 സെന്റ് സ്ഥലത്ത് 32,000 ചതുരശ്ര അടി വിസ്തൃതിയിലുള്ളഓഫീസ് ഉദ്ഘാടനത്തിന് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് ആളുകളെത്തിയിരുന്നു. വിദ്യാനഗർ ദേശീയ പാതയ്ക്കരികിൽ സജ്ജമാക്കിയ മൈതാനത്തായിരുന്നു പൊതുയോഗം.