കരിപ്പൂരിലെ സ്വർണക്കവർച്ച; ഇതുവരെ പിടിയിലായത് 65 പേർ; 25 വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറം: കരിപ്പുർ വിമാനത്തവളം വഴിയുള്ള സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് രജിസ്റ്റർചെയ്ത മൂന്ന് കേസുകളിലായി ഇതുവരെ പിടിയിലായത് 65പേർ. 25 വാഹനങ്ങളും പിടിച്ചെടുത്തു. വിദേശത്ത് ഒളിവിൽകഴിയുന്ന പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികളും ഊർജിതമാക്കി. രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ച അഞ്ചുപേർ കള്ളക്കടത്ത് സംഘാംഗങ്ങളാണെന്ന് മനസ്സിലാക്കിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

മൂന്ന് ജില്ലകളിൽനിന്നായി മികച്ച ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷക സംഘത്തെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിൽ നിയോഗിച്ചത്. പഴുതടച്ച അന്വേഷണത്തിലൂടെയാണ് തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടാനായത്.

അന്വേഷക സംഘാംഗത്തെ വകവരുത്താൻപോലും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. നേരത്തെ പൊലീസ് അറസ്റ്റുചെയ്ത ഒരു പ്രതിയിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്‌സാപ്പ് ചാറ്റിലൂടെയാണ് പദ്ധതി പൊലീസ് അറിഞ്ഞത്. പൊലീസിന്റെ മനോവീര്യം തകർക്കലായിരുന്നു ലക്ഷ്യം. ഈ സംഭവത്തിൽ അന്വേഷക സംഘം പ്രത്യേകം കേസെടുത്തിരുന്നു.

കരിപ്പൂർ സി ഐ ഷിബു, ശശി കുണ്ടറക്കാട് , സത്യൻ മാനാട്ട്, അസീസ് കാര്യോട്ട് , ഉണ്ണി മാരാത്ത്, സഞ്ജീവ്, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ , ഷഹീർ പെരുമണ്ണ, സതീഷ് നാഥ്, ദിനേശ്കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ.

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ വിദേശത്തേക്കു കടക്കാൻ ശ്രമിച്ച കൊടുവള്ളി നെല്ലാംകണ്ടി ആലപ്പുറായി ഷമീറലി (34 കാസു) യാണ് പിടിയിലായത് ഇന്നലെയാണ്. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കൊടുവള്ളി സുഫിയാന്റ ബന്ധുവാണ് ഷമീറലിയെന്നു പൊലീസ് പറഞ്ഞു. പൊലീസിനെ വെട്ടിച്ച് ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീറലി പിടിയിലായത്. നേരത്തെ സ്വർണക്കടത്തിന് കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫെപോസെയുമായി ബന്ധപ്പെട്ടു രണ്ടു മാസത്തോളം സൂഫിയാനൊടൊപ്പം ഇയാൾ ജയിലിൽ കിടന്നു പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാന്റെ നേതൃത്വത്തിലുള്ള വാട്സ് ആപ് ഗ്രൂപ്പിൽ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന ‘പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 21നാണ് കരിപ്പൂരിൽ യാതതക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പിന്നീട് രാമനാട്ടുകരയിലുണ്ടായ വാഹാനാപകടത്തിൽ അഞ്ചു പേർ മരിക്കുകയും ചെയ്തത്. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.