‘ഞങ്ങടെ എം പീനെ ജയിലിൽ നിന്നും വിട്ടുതരൂ പ്രസിഡന്റേ’; തായ്‌ലന്റ് ദേശീയ നേതാവിന്റെ പേജിൽ കമന്റുമായി പി വി അൻവർ‌ എംഎൽഎ.

നിലമ്പൂർ: തായ്‌ലന്റിലെ ദേശീയ അസംബ്ളി പ്രസിഡന്റ് ചുവാൻ ലീക് പൈയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. വയനാട് എം.പിയായ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന തരം കമന്റുകളാണ് ലീക് പൈയുടെ പോസ്‌റ്റിൽ കമന്റായി എംഎൽഎ കുറിച്ചത്. ‘ഞങ്ങടെ എം.പീനെ പട്ടായ ജയിലിൽ നിന്ന് വിട്ടുതരൂ പ്രസിഡന്റേ’, ‘പെട്ടെന്ന് എന്തെങ്കിലും തീരുമാനിക്കൂ പ്രസിഡന്റേ’ തുടങ്ങി കമന്റുകളാണ് എംഎൽ‌എ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പി.വി അൻവറിന്റെ ചുവട് പിടിച്ച് നിരവധി മലയാളികളും പേജിൽ കമന്റ് ചെയ്‌തിട്ടുണ്ട്.

ഹ്രസ്വ സ്വകാര്യ സന്ദർശനത്തിനായ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതായാണ് വിവരം. ഇറ്റലിയിലേക്കാണ് രാഹുൽ പോയതെന്നാണ് സൂചന. സംഭവത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല ആവശ്യപ്പെട്ടിരുന്നു. നിയമസഭ ചേ‌ർന്ന സമയത്ത് ആഫ്രിക്കയിലേക്ക് യാത്ര നടത്തിയ പി.വി അൻവർ എം.എൽ.എയുടെ നടപടിയെ സഭയിലും സമൂഹമാദ്ധ്യമങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുൾപ്പടെ കോൺഗ്രസും ലീഗും വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്ന വണ്ണമാണ് പി.വി അൻവർ തായ്‌ലന്റ് നേതാവിന്റെ പേജിൽ കുറിച്ചത്.

https://m.facebook.com/story.php?story_fbid=458241809002050&id=100044487037393