സുബൈദ കൊലക്കേസ്; പ്രതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം
സുള്ള്യയിലെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
കാസര്‍കോഡ്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. സുള്ള്യ സ്വദേശിയായ അബ്ദുല്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പ്രതിയെ കുറിച്ച് അറിയുന്നവര്‍ കാസര്‍കോട് ജില്ല പൊലീസ് മേധാവി, കാഞ്ഞങ്ങാട് ഡി വൈ എസ് പി ബേക്കല്‍ സി ഐ എന്നിവരിലാരെയെങ്കിലും ബന്ധപ്പെടാമെന്നാണ് അറിയിച്ചിരിക്കുന്നത്.
2018 ജനുവരി 17നാണ് ചെക്കിപ്പള്ളത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ കൊല്ലപ്പെട്ടതായി കാണപ്പെട്ടത്. കേസില്‍ സുള്ള്യ അജ്ജാവര സ്വദേശിയും സീതാംഗോളിയിലെ താമസക്കാരനുമായ അബ്ദുല്‍ അസീസ് പിടിയിലായിരുന്നു. സുബൈദയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം പിടി കൂടിയെങ്കിലും 2018 സെപ്തംബര്‍ 14ന് ഉച്ചയോടെ സുള്ള്യയിലെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.