Shobika

കോഡൂരില്‍ ‘അടര്‍’ പരിശീലനം സമാപിച്ചു


പെണ്‍കുട്ടികളുടെ സ്വയംപ്രതിരോധത്തിനായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ആദ്യബാച്ചിന്റെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്



ചട്ടിപ്പറമ്പ്: ബാലസൗഹൃദ പഞ്ചായത്തായ കോഡൂരിലെ ബാലികമാര്‍ക്ക് മാനസികവും ശാരീരികവുമായി കരുത്തുപകരാന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ പ്രത്യേക പദ്ധതിയായ ‘അടര്‍’ പരിശീലനത്തിന്റെ ആദ്യബാച്ച് പുറത്തിറങ്ങി. പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധത്തിനായി കളരിപ്പയറ്റ് മുറകളാണ് പ്രധാനമായും പരിശീലിപ്പിച്ചത്. മാനസിക കരുത്തിനായി പ്രചോദന ക്ലാസുകളും നല്‍കി.

കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധതിനായി നടപ്പാക്കിയ ‘അടര്‍’ പരിശീലനത്തിന്റെ ആദ്യബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിക്കുന്നു
1 st paragraph


വിവിധ വാര്‍ഡുകളിലെ സ്ഥിരതാസക്കാരായ കുടുംബങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12നും 20നും ഇടയില്‍ പ്രായമുള്ള നൂറോളം പെണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ‘അടര്‍’ പ്രതിരോധ പരിശീലനം നല്‍കിയത്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കെല്ലാം പ്രത്യേക സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
കൊളത്തൂരിലെ വല്ലഭട്ട കളരി സംഘത്തിലെ എം.വി. സജിനിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
അടുത്ത വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനവും ആദ്യബാച്ചില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് തുടര്‍പരിശീലനവുമൊരുക്കി പദ്ധതി വിപുലീകരിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി.
സമാപന ചടങ്ങിന്റെ ഉദ്ഘാടനവും പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ ശിഹാബ് അരീക്കത്ത് അധ്യക്ഷത വഹിച്ചു.
സമാപനച്ചടങ്ങില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, അംഗങ്ങളായ ഫാത്തിമ വട്ടോളി, കെ.ടി. റബീബ്, അജ്മല്‍ തറയില്‍, മുഹമ്മദലി മങ്കരത്തൊടി, മുംതാസ് വില്ലന്‍, ജൂബി മണപ്പാട്ടില്‍, നീലന്‍ കോഡൂര്‍, നിര്‍വഹണ ഉദ്യോഗസ്ഥ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എം.പി. ഹസീന, പഞ്ചായത്ത് സെക്രട്ടറി സി. റോസി, ആസൂത്രണ സമിതിയംഗം പി.പി. അബ്ദുല്‍നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.