ട്രെയിന്‍യാത്രികന് ക്രൂരമർദനം: എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ
കണ്ണൂർ: ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ നടപടി. എഎസ്‌ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്റലിജന്റ്‌സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്.
ഇന്നലെ രാത്രിയാണ് മാവേലി എക്‌സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റ് കൈയിലില്ലെന്ന് ആരോപിച്ച് യാത്രക്കാരനെ പൊലീസ് നിലത്ത് ബൂട്ടിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തത്. ട്രെയിനിൽ പൊലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ പൊലീസുകാർ ടിക്കറ്റ് ചോദിച്ചപ്പോൾ സെക്കൻഡ് ക്ലാസ് ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരൻ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മർദനം. എഎസ്‌ഐ പ്രമോദാണ് യാത്രക്കാരനെ പ്രകോപനമൊന്നുമില്ലാതെ മർദിച്ചത്. യാത്രക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് പ്രമോദിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി വരുന്നത്.
ട്രെയിനിലെ ക്രൂരമായ മർദനത്തിനു പുറമെ തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരനെ വലിച്ചിറക്കി പുറത്തിട്ടുവെന്നും പരാതിയുണ്ട്. എന്നാൽ, ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് എഎസ്‌ഐ പ്രമോദ് പ്രതികരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും കുറ്റം ചെയ്തതായി തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ പറഞ്ഞു