ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ
കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതി വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യ ലഹരിയിലെത്തിയ മോഹൻദാസ് ആക്രമിച്ചത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ബിന്ദു അമ്മിണിക്കെതിരേ മോഹന്‍ദാസിന്റെ ഭാര്യയും വെള്ളയില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ ബിന്ദു അമ്മിണി മര്‍ദിച്ചെന്ന് പറഞ്ഞാണ് മോഹന്‍ദാസിന്റെ ഭാര്യ റീജ വ്യാഴാഴ്ച പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷിച്ച് തുടര്‍നടപടിയെടുക്കാമെന്ന് പോലീസ് പറഞ്ഞതായി റീജ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം നടന്നതായി ബിന്ദു അമ്മിണി പൊലീസിൽ പരാതിപ്പെട്ടത്. കൊയിലാണ്ടിക്കടുത്ത് പൊയിൽകാവിൽ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിർത്താതെ പോവുകയായിരുന്നു. പിന്നീട തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. സംഘപരിവാർ നിർദേശത്തോടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആരോപണം. ഇതിന് മുമ്പും ഇതുപോലെ വധശ്രമങ്ങൾ നടന്നതായും അവർ വ്യക്തമാക്കി.