മലപ്പുറത്ത് പരസ്പരം പോരുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; സംഘര്‍ഷാവസ്ഥ
മലപ്പുറം: കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വേദിക്ക് സമീപം പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസിന്റെ മേഖലാ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മേഖലാ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തിയത്. കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുഴക്കി. ഈ സമയം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ടൗണ്‍ ഹാളിനുള്ളിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയതോടെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാഹനങ്ങള്‍ ടൗണ്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോയി.
നേരത്തെ സ്ഥലത്തു കൂടി സി.പി.എം. പ്രകടനം കടന്നുപോകുമ്പോഴും നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. സി.പി.എം. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് അവിടെയും സ്ഥിതി ശാന്തമാക്കിയത്. തുടര്‍ന്നാണ് മലപ്പുറം ടൗണ്‍ ഹാളിനു മുന്‍പില്‍ പ്രതിഷേധ പ്രകടനവുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയത്.
അതിനിടെ, കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീന് നേരേ ആക്രമണമുണ്ടായി. ഓഫീസിന് വാതില്‍ ഗ്ലാസും ജനല്‍ചില്ലും തകര്‍ന്നു.