തെങ്ങുകയറ്റ യന്ത്രത്തിൽ കാലു കുരുങ്ങി; തെങ്ങിന് മുകളിൽ തലകീഴായി തൂങ്ങിക്കിടന്നയാൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: തെങ്ങുകയറുന്നതിനിടെ യന്ത്രത്തിൽ കാലു കുടുങ്ങിയതിനെ തുടർന്ന് ഒരു മണിക്കൂറോളം തെങ്ങിനു മുകളിൽ തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവ് മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ പയ്യടിമേത്തൽ കണ്ടിലേരി ചിറക്കൽ ഫൈസലാണ് (43) അതിദാരുണമായി മരിച്ചത്. അയൽവാസിയായ ഷിജുവിന്റെ വീട്ടിലെ തെങ്ങിൽ കയറുന്നതിനിടെയാണ് സംഭവം.
ഷിജുവിനെ സഹായിക്കാൻ തേങ്ങയിടാൻ കയറിയതായിരുന്നു ഫൈസൽ. എന്നാൽ തെങ്ങിന്റെ പകുതി എത്തിയപ്പോൾ യന്ത്രത്തിൽ കാലുകൾ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നു. ഫൈസലിനെ രക്ഷിക്കാൻ ഒരു മണിക്കൂറോളം നാട്ടുകാർ നടത്തിയ പരിശ്രമം വിഫലമാക്കി കൊണ്ട് മരണം സംഭവിക്കുക ആയിരുന്നു. ഫൈസലിന്റെ മാതാവിന്റെയും ഭാര്യയുടെയും മൂന്നു കുട്ടികളുടെയും കൺമുൻപിലായിരുന്നു മരണം. അഗ്‌നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപുതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.
തെങ്ങിന്റെ പകുതിയോളമെത്തിയെങ്കിലും ഉയരമേറിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവും ബലക്കുറവും കാരണം മുകളിലേക്കു കയറാനായില്ല. അതിനിടയിലാണു കാലുകൾ യന്ത്രത്തിൽ കുരുങ്ങിയത്. തുടർന്നു തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. രണ്ടുപേർ തെങ്ങിൽക്കയറി ഒരു മണിക്കൂറോളം താങ്ങിപ്പിടിച്ചിരുന്നു. സമീപത്തെ വീടുകളിൽനിന്ന് കിടക്കകൾ കൊണ്ടുവന്ന് തെങ്ങിനുകീഴിൽ നിരത്തുകയും ചെയ്തു.
കോണികൾ തമ്മിൽ ബന്ധിച്ച് തെങ്ങിൽ കയറി ഫൈസലിനെ ഇറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തെങ്ങിൽ കയറുന്നതിനിടെ ഹൃദയാഘാതമുണ്ടായതാവാം മരണകാരണമെന്നു സംശയിക്കുന്നതായി അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.