പതാക പ്രഖ്യാപന പ്രചാരണ യാത്രയുമായി നടൻ ദേവന്‍റെ ‘കേരളം പീപ്പിൾസ് പാർട്ടി’
‘നവകേരള പീപ്പിൾസ് പാർട്ടി’യെന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ചലച്ചിത്ര നടന്‍ ദേവന്‍ പതാക പ്രഖ്യാപന പ്രചാരണ യാത്രക്ക് തുടക്കമിട്ടു. ഫേസ്ബുക്ക് പേജിലൂടെ ദേവൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘നവ കേരളം പതാക പ്രഖ്യാപന പ്രചാരണ യാത്ര – ‘കേരളം പീപ്പിൾസ് പാർട്ടി” – എന്ന കുറിപ്പോടു കൂടി പ്രചാരണ യാത്രയുടെ ചിത്രങ്ങള്‍ ദേവന്‍ പങ്കുവെച്ചു.
നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും നടൻ ദേവൻ പറഞ്ഞിരുന്നു. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയനെന്നും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടതെന്നും പാര്‍ട്ടി പ്രഖ്യാപന വേളയില്‍ ദേവന്‍ പറഞ്ഞു.
പിണറായി വിജയൻ അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തെന്നും ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായെന്നും ദേവൻ പറഞ്ഞു. താനുമായി ബി ജെ പി നേതൃത്വം ചർച്ച നടത്തിയതായും എന്നാൽ, തന്‍റെ വ്യക്തിത്വം ആർക്കും അടിയറ വെയ്ക്കാൻ തയ്യാറല്ലാത്തതിനാൽ ബി.ജെ.പിയിൽ ചേരില്ലെന്നും ദേവൻ വ്യക്തമാക്കി. തന്‍റെ പുതിയ പാർട്ടി ഇവിടുത്തെ നിലവിലുള്ള മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണെന്നും ദേവൻ വ്യക്തമാക്കി. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും സമാന ചിന്താഗതിയുള്ളവർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.