ചുരുളിയിലെ ഭാഷയും സംഭാഷണവും കഥാസന്ദർഭത്തിന് യോജിച്ചത്; നിയമലംഘനം നടന്നിട്ടില്ലെന്നും പൊലീസ്

തിരുവനന്തപുരം: ചുരുളി സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്‌ടിയെന്ന് എഡിജിപി പത്മകുമാർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ള. സിനിമയിൽ പറയുന്നത് ചുരുളി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ കഥയാണ്. ഭാഷയും സംഭാഷണവും കഥാസന്ദർഭത്തിന് യോജിച്ചതാണെന്നും ഭരണഘടനാ ലംഘനമില്ലെന്നും ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി കുറച്ച് ദിവസം മുൻപ് ഡിജിപിയ്ക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഡിജിപിയുടെ നിർദ്ദേശപ്രകാരം എഡിജിപി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എസിപി എ.നസീമ എന്നിവർ സിനിമ കണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

എന്നാൽ സിനിമ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും പ്രഥമദൃഷ്‌ട്യാ നിയമലംഘനം നടന്നതായി തോന്നുന്നില്ലെന്നുമാണ് ഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കഴിയില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി പറഞ്ഞിരുന്നു. വള്ളുവനാടൻ ഭാഷയോ കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി ആവശ്യപ്പെടുന്നതെങ്ങനെയെന്നും ഗ്രാമങ്ങളിലെ ജനങ്ങൾ അത്തരം ഭാഷയാകാം ഉപയോഗിച്ചിരിക്കുകയെന്നും കോടതി പറഞ്ഞു. ചിത്രത്തിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനേ കഴിയൂ എന്നും കോടതി അറിയിച്ചിരുന്നു.