കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാ‌ർട്ടി, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ പൊലീസ് കേസ്

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി ജെ പാ‌ർട്ടി. 500ലേറെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഡി ജെ പാർട്ടി നടത്തിയത്. ഇതിനെ തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കോളേജ് പ്രിൻസിപ്പാൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും 100 പേർക്കുള്ള അനുമതി മാത്രമാണ് നൽകിയിരുന്നതെന്നും പ്രിൻസിപ്പാൾ സുനിൽ ജോൺ പറഞ്ഞു. ‌ഡി ജെ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രിൻസിപ്പാൾ ഇടപ്പെട്ട് പരിപാടി നിർത്തിവച്ചു. രാവിലെ ആരംഭിച്ച പരിപാടി ഉച്ചയോടെ നിർത്തിയെന്നും പ്രിൻസിപ്പാൾ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. പൊതു പരിപാടികൾക്ക് അമ്പതിൽ കൂടുതൽ ആൾക്കാരെ പങ്കെടുപ്പിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ ക‌ർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് അഞ്ഞൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് കൊണ്ട് കോളേജിൽ ഡി ജെ പാർട്ടി സംഘടിപ്പിച്ചത്. കോളേജ് അദ്ധ്യാപകരുടെ അറിവോടെയാണ് പരിപാടി സംഘടിപ്പിച്ചത്.