പിണറായിയുടെ അമിത് ഷായാണ് കോടിയേരി; ന്യൂനപക്ഷ വർഗീയ പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നത് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ: കെ. മുരളീധരൻ

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകൾ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

കോൺഗ്രസ് ന്യൂനപക്ഷങ്ങളിൽനിന്നും ഒരുപാട് അകന്നെന്നും മൃദു ഹിന്ദുത്വമാണ് രാഹുൽ ഗാനധി അടക്കമുള്ള നേതാക്കൾ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് നന്നായി അറിയാവുന്ന ആളാണ് കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ പരിഹസിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന് കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ച് ചോദിച്ചത് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഗുലാം നബി ആസാദും, കെ വി തോമസും, സൽമാൻ ഖുർഷിദും അടക്കമുള്ള നേതാക്കളെവിടെയാണിപ്പോൾ എന്ന് കോടിയേരി ചോദിക്കുമ്പോൾ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കാണുന്നുണ്ട്.

എന്നാൽ ഇതിനെ ഗുരുതരമായ ആരോപണങ്ങൾ കൊണ്ടാണ് മുരളീധരൻ എതിരിടുന്നത്. കോടിയേരി കോൺഗ്രസിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യമില്ല. കോൺഗ്രസ് മതേതരപാർട്ടിയല്ല എന്നാണ് കോടിയേരിയുടെ അഭിപ്രായമെങ്കിൽ ഇന്ത്യയിൽ വേറെ എവിടെയും സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയാൻ ധൈര്യമുണ്ടോ കോടിയേരിക്ക് മുരളീധരൻ വെല്ലുവിളിച്ചു.

കോവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാനസർക്കാർ അമ്പേ പരാജയമാണ്. കേരളം നാഥനില്ലാക്കളരിയായി. ഇനി അധികാരത്തിൽ എത്തില്ല എന്ന് നേരത്തേ തിരിച്ചറിഞ്ഞ കോടിയേരി അത് മുന്നിൽക്കണ്ട് ന്യൂനപക്ഷക്കാർഡ് ഇറക്കുകയാണ്. ഈ ആരോപണമുന്നയിക്കുന്ന സിപിഎമ്മിൽ എവിടെയാണ് ന്യൂനപക്ഷനേതാക്കൾ മുരളീധരൻ ചോദിക്കുന്നു. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെ പിണറായിയുടെ ഇംഗിതം നടപ്പാക്കാനാണ് കോടിയേരി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. റിയാസിനെ മുഖ്യമന്ത്രിയാക്കിക്കോ, അത് കോൺഗ്രസിന്റെ ചെലവിൽ വേണ്ട, മുരളീധരൻ പരിഹസിക്കുന്നു.

റിയാസിനെ വ്യക്തിപരമായി വിമർശിക്കുന്നില്ല. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയിൽ വേണം. അതിനാലാണ് ഇപ്പോഴത്തെ നീക്കം. ഇതിനായി വർഗ്ഗീയത പറയണ്ട – മുരളീധരൻ വ്യക്തമാക്കി.