ബൈക്കിൽ നിന്ന് പെൺകുട്ടി വീണു, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം , ബൈക്ക് റേസിംഗെന്ന് നാട്ടുകാർ, 4 പേർക്കെതിരെ കേസ്
തൃശൂർ: ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെ മുൻചക്രം ഉയർന്ന് പിന്നിലിരുന്ന പെൺകുട്ടി വീണതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബിരുദ വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചു. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ചൊവ്വാഴ്ച വൈകിട്ട് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ വ്യാപകമായി പ്രചരിച്ചു. നിലത്തുവീണ പെൺകുട്ടിക്ക് നിസാര പരിക്കേറ്റു. ചിയ്യാരം ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിലിം ടെക്‌നോളജി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി കുണ്ടോളി വീട്ടിൽ അമലിനാണ് (24) മർദ്ദനമേറ്റത്. കല്ലുകൊണ്ടുള്ള ഇടിയേറ്റ അമലിന്റെ തലയ്ക്ക് നാല് തുന്നലുണ്ട്. അമലിന്റെ പരാതിയിൽ ചിയ്യാരം സ്വദേശി ആന്റു, കൊടകര സ്വദേശി ഡേവിസ് ഉൾപ്പെടെ നാലുപേർക്കെതിരെ ഒല്ലൂർ പൊലീസ് കേസെടുത്തു.
ചിയ്യാരം ഗലീലി സ്റ്റോപ്പിനടുത്തായിരുന്നു സംഭവം. ചേതനയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
കുരിയച്ചിറയിലേക്ക് ഭക്ഷണം കഴിക്കാനായി പോവുകയായിരുന്നു ഇരുവരും. പെൺകുട്ടി വീണതുകണ്ട് ഓടിക്കൂടിയവർ അമലുമായി വാക്കുതർക്കമായി. ഉന്തും തള്ളുമുണ്ടായി. നിലത്തുവീണ അമലിനെ നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. അതിനിടെ ഒരാൾ കല്ലുകൊണ്ട് അമലിന്റെ തലയ്ക്കിടിച്ചു. എന്നാൽ ആദ്യം അമൽ തങ്ങളെയാണ് മർദ്ദിച്ചതെന്ന് നാട്ടുകാർ പറയുന്നു. അമൽ, ഡേവിസിനെ അടിക്കുന്ന ദൃശ്യങ്ങളും അപകടമുണ്ടായതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. നാട്ടുകാരുടെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു.
ഇത് സദാചാര ഗുണ്ടായിസമാണെന്ന് അമൽ പറഞ്ഞു. തന്റെ വേഷവും അവരെ പ്രകോപിതരാക്കിയിട്ടുണ്ടാകാം. സംഭവം കണ്ട് എത്തിയ തന്റെ അദ്ധ്യാപികയോടും ആൾക്കൂട്ടം കയർത്തു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ആൾക്കൂട്ടം അസഭ്യം പറഞ്ഞ് തല്ലുകയായിരുന്നുവെന്നും അമൽ ആരോപിച്ചു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.