അദ്ധ്യാപകർ ഇന്ന് സ്കൂളിൽ ഹാജരാകേണ്ട, പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ളാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഇന്നും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളുടെ അധിക നിയന്ത്രണം സംബന്ധിച്ച് വകുപ്പ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. സ്കൂളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം. രണ്ടുവയസിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർ, കാൻസർ രോഗികൾ, തീവ്രരോഗബാധിതർ തുടങ്ങിയ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ സർക്കാർ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രം വേണം. വർക്ക് ഫ്രം ഹോമിലുള്ള അദ്ധ്യാപകർ ഓൺലൈൻ ക്ളാസുകളിലും തുടർ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പ്രിൻസിപ്പലിനും പ്രഥമാദ്ധ്യാപകർക്കുമാണ്. ഒൻപതു വരെയുള്ള ക്ളാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനിൽ മാത്രമായിരിക്കും. തെറാപ്പി സംബന്ധമായി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് ഇത് ബാധകമല്ല.